രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് മാസം മുതല്‍ വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യ മന്ത്രി

കോവിഡ് വാകസിന്‍ വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്‍ ഇതുവരെ 50 ലക്ഷം പേരിലാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് മാസം മുതല്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. 27 കോടി പേരാണ് മൊത്തം ഈ വിഭാഗത്തില്‍ കുത്തിവെപ്പിന് വിധേയരാകുക.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കുകയായിരുന്നു ലക്ഷ്യം. അതുകഴിഞ്ഞ് രണ്ടു കോടി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങള്‍ രണ്ടാം ഘട്ടമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. അതും പൂര്‍ത്തിയാകുന്ന മുറക്ക് മാര്‍ച്ച് മാസത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കാനാകുമെന്നാണ് കരുതുന്നത്. അതേസമയം, ഇതിനെ സംബന്ധിച്ച തീയതി നിശ്ചയിച്ചിട്ടില്ല.

കോവിഡ് വാക്‌സിനുകള്‍ക്ക് ഇതുവരെ 22 രാജ്യങ്ങള്‍ ആവശ്യവുമായി രംഗത്തെത്തി. അഫ്ഗാനിസ്താന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, മൗറീഷ്യസ്, ശ്രീലങ്ക, യു.എ.ഇ, മാലദീപുകള്‍, മൊറോക്കൊ, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, അള്‍ജീരിയ, കുവൈത്ത്, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പെടെയുളള രാജ്യങ്ങളാണ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചത്. 13 രാജ്യങ്ങള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കാനായിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *