Lead NewsLIFENEWSVIDEO

പന്ത്രണ്ടാം വയസ്സിൽ ഭാര്യ, പതിമൂന്നാം വയസ്സിൽ അമ്മ, വീട്ടിൽ അടിമയായിരുന്ന ഒരു പെൺകുട്ടി 21 ഭാഷകളിൽ ചൂടപ്പംപോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിയായത് ഇങ്ങനെ

രു കാല്പനിക കഥ പോലെയാണ് ബേബി ഹാൽഡർ എന്ന സ്ത്രീയുടെ ജീവിതം. അവൾ കുട്ടിയായിരിക്കുമ്പോൾ അച്ഛനാൽ മർദിക്കപെട്ടിരുന്നു. പന്ത്രണ്ടാം വയസ്സിൽ അവൾ ഒരാളുടെ ഭാര്യയായി. അതും അവളേക്കാൾ രണ്ടിരട്ടി വയസുള്ള ഒരാളുടെ. പതിമൂന്നാം വയസ്സിൽ അയാളുടെ കുഞ്ഞിന്റെ അമ്മയായി. തുടരെത്തുടരെ മൂന്നു പ്രസവം. ഒടുവിൽ ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് രക്ഷപ്പെടൽ. വീട്ടുജോലി ചെയ്ത് കുഞ്ഞുങ്ങളെ വളർത്തൽ.

ബേബി ഹാൽഡർ ചിരിക്കുമ്പോൾ അതിൽ എല്ലാമുണ്ട്. ഒരു വല്ലാത്ത ഊർജ്ജം ആ ചിരി കാണുന്നവർക്ക് ലഭിക്കും.

പശ്ചിമബംഗാളിലെ ദുർഗാപൂറിൽ മർദ്ദകനായ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ ഒരു പദ്ധതി ബേബിയ്ക്ക് ഉണ്ടായിരുന്നു. ” ഞാൻ വളർന്ന ലോകത്തിൽ അല്ല എന്റെ മക്കൾ വളരേണ്ടത്. അവർക്ക് വിദ്യാഭ്യാസം വേണം. എല്ലാം മതിയാക്കാൻ ഞാൻ തീരുമാനിച്ചു. ” ബേബി കഥ പറയുന്നു.

രക്ഷപ്പെടാൻ മാത്രമായിരുന്നു ബേബിക്ക് പദ്ധതി ഉണ്ടായിരുന്നത്. എങ്ങനെ ജീവിക്കണം എന്ന് ആലോചിച്ചിരുന്നില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഡൽഹിക്ക്. സ്വന്തം സഹോദരന്റെ സഹായമായിരുന്നു ആവശ്യം.

” അവന്റെ കുടുംബം എന്നെ പിന്തുണച്ചില്ല. അവർക്ക് ഞാനൊരു ഭാരമായിരുന്നു. എല്ലാദിവസവും വഴക്ക് പതിവായി. ഞാനായിരുന്നു എല്ലായിപ്പോഴും കുറ്റക്കാരി. “ബേബി തുടരുന്നു.

അവസാനം സഹോദരന്റെ ഒരു സുഹൃത്ത് സഹായത്തിനെത്തി. കുട്ടികൾക്കൊപ്പം ഒരു കുടുംബത്തിൽ വീട്ടുവേല ചെയ്ത് ജീവിക്കാൻ അവസരമൊരുക്കി. എന്നാൽ ആ വീട്ടുകാരും വ്യത്യസ്തരായിരുന്നില്ല. ഒരു അടിമയെ പോലെ ബേബിയെ കരുതി. ഒരു വർഷത്തോളം അവിടെ കഴിഞ്ഞു. മറ്റൊരു ജോലിക്ക് വേണ്ടി ആയിരുന്നു ബേബിയുടെ ശ്രമം.

ഒടുവിൽ അവിടെയും ഒരാൾ സഹായത്തിനെത്തി. “ടാറ്റൂസ്” എന്നറിയപ്പെടുന്ന പ്രബോധ് കുമാറിന്റെ അടുത്തേക്ക് ബേബിയെ കൊണ്ടുപോയി. ഒരു റിട്ടയെർഡ് നരവംശശാസ്ത്ര പ്രൊഫസർ ആയിരുന്നു
പ്രബോധ് കുമാർ. മുൻഷി പ്രേംചന്ദിന്റെ പേരക്കുട്ടി. ബേബിയെ സ്വയം കണ്ടെത്താൻ അദ്ദേഹം പ്രേരിപ്പിച്ചു.

” തന്നെ “ടാറ്റൂസ് “എന്ന് വിളിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ടാറ്റൂസ് എന്ന് പറഞ്ഞാൽ പോളിഷ് ഭാഷയിൽ അച്ഛൻ എന്ന് അർത്ഥം. കുഞ്ഞുങ്ങളുമായി അദ്ദേഹത്തോടൊപ്പം താമസിക്കാൻ പറഞ്ഞു. സാവധാനത്തിൽ,എന്തു സമാധാനപരമായി ആണെന്നോ അദ്ദേഹം സംസാരിക്കുന്നത്. “ബേബി തുടർന്നു.

ബേബിയുടെ കുഞ്ഞുങ്ങളെ സ്കൂളിൽ ചേർക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് ബേബിയെ നന്നായി വായിക്കാനും എഴുതാനും പഠിപ്പിച്ചു.” എന്റെ മാതാപിതാക്കൾ നൽകാത്തത് അദ്ദേഹം എനിക്ക് നൽകി. അപ്പോൾ മുതൽ എനിക്ക് ചിറകു മുളക്കാൻ തുടങ്ങി” ബേബിയുടെ ഓർമ്മകൾക്ക് മരണമില്ല.

ബേബി എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു അക്കാദമിക വിദ്യാഭ്യാസം ഒന്നിന്റെയും അവസാനമല്ല എന്ന്. തറ അടിച്ചുവാരുമ്പോൾ ബംഗ്ലാ പുസ്തകങ്ങളിലേക്ക് ബേബി ഒളിഞ്ഞുനോക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു.

” ഒരുദിവസം അദ്ദേഹം ചോദിച്ചു. നിനക്കീ പുസ്തകം വായിക്കണോ? ഞാൻ ഭയപ്പാടോടെ പുസ്തകം താഴെ വച്ചു. അദ്ദേഹം ആ പുസ്തകം എന്റെ കയ്യിൽ തന്നു. ഈ പുസ്തകം എഴുതിയത് തസ്ലീമ നസ്റിൻ ആണ്. പുസ്തകം വായിച്ചതിനു ശേഷം അദ്ദേഹം ചോദിച്ചു, എന്തു തോന്നി? “എന്റെ ശബ്ദം പോലെ” ഞാൻ ഉത്തരം പറഞ്ഞു.”ബേബി ഓർക്കുന്നു.

“ഒരു ദിവസം ഞാൻ വീട്ടു ജോലിയിലായിരുന്നു. അദ്ദേഹം ഒരു പുസ്തകവും പേനയുമായി എന്റെ അടുത്തെത്തി. ” എഴുതൂ ” അദ്ദേഹം പറഞ്ഞു. ഞാൻ ശരിക്കും ഭയന്നു പോയി. എന്തെഴുതണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ” എന്തെഴുതണം? ” ഞാൻ ചോദിച്ചു. ” നിന്നെക്കുറിച്ച്” അദ്ദേഹം മറുപടി പറഞ്ഞു. ”

അങ്ങിനെ ബേബി എഴുതിത്തുടങ്ങി. രാത്രികൾ എഴുത്ത് ലോകത്തായി. ” എഴുതാത്ത ഒരു രാത്രി ഉണ്ടെങ്കിൽ എന്റെ മകൾ എന്നെ ശകാരിക്കുമായിരുന്നു. ഒരുദിവസം അദ്ദേഹം എന്നോട് ചോദിച്ചു, ” എന്തെഴുതി? ” നാലു പേജ് മാത്രമായിരുന്നു എന്റെ എഴുത്ത്, അതും നിരവധി രാത്രികളുടെ സമ്പാദ്യം. ” മുഴുവൻ തെറ്റാണ്” ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ആ വരികളിലൂടെ കണ്ണോടിച്ചു. വിറക്കുന്ന കരംകൊണ്ട് എന്റെ കരം ഗ്രഹിച്ചു. “വളരെ പണ്ട് ആൻ ഫ്രാങ്കിന്റെ ഡയറി വായിച്ച പോലെ ” അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ”

“പ്രൊഫസർ എഴുത്തിന്റെ കാര്യം സുഹൃത്തുക്കളോടു പറഞ്ഞു. അവരെല്ലാം പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. എനിക്ക് എഴുതാനുള്ള ധൈര്യവും പ്രോത്സാഹനവും കിട്ടി. അങ്ങനെ ഞാൻ എന്റെ പുസ്തകം പൂർത്തിയാക്കി അദ്ദേഹത്തിന് കൈമാറി.”

” ആ പുസ്തകത്തിന്റെ മൂല്യം സത്യത്തിന്റേതായിരുന്നു. കഥ എന്റേത് മാത്രമല്ല കോടിക്കണക്കിന് ബേബിമാരുടേത് ആയിരുന്നു. വല്ലാത്ത ശക്തിയായിരുന്നു ആ ചിന്ത.”

അങ്ങിനെ ആദ്യത്തെ ഹിന്ദി നോവൽ പിറന്നു, “സാർത്ഥക ജീവിതം “.പിന്നീട് അത് 21 ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു.

” ഒരു ദിവസം ഞാൻ ബംഗാളിൽ പോയി. അവിടെ എഴുത്തുകാർ ദൈവങ്ങളാണ്. എന്റെ പുസ്തകം അവിടെ കണ്ടു. എനിക്ക് വിശ്വസിക്കാനായില്ല. ബാത്റൂമിൽ പോയി കണ്ണാടിക്കു മുന്നിൽ നിന്ന് ഞാൻ സ്വയം പിച്ചി നോക്കി. ”

“എന്റെ ലോകം വളരുകയായിരുന്നു. ലോകത്തെമ്പാടുമുള്ള മാധ്യമപ്രവർത്തകർ എന്റെ പുസ്തകത്തെക്കുറിച്ച് വാർത്ത കൊടുത്തു. ബിബിസിയിൽ വരെ എന്നെക്കുറിച്ച് വന്നു.”

കൊൽക്കത്തയിൽ സ്ഥിരതാമസമാക്കാൻ ടാറ്റൂസ് ബേബിയെ നിർബന്ധിച്ചു. പുസ്തകത്തിന്റെ റോയറ്റിയിൽ നിന്ന് ഒരു വീട് ഉണ്ടാക്കാനായി. പാരീസിൽ മാത്രം ആറു ലക്ഷം കോപ്പി വിറ്റഴിഞ്ഞു.

ചില രാജ്യാന്തര ഡോക്യുമെന്ററി നിർമാതാക്കൾ വന്ന ദിവസം ബേബി ഓർമിക്കുന്നു, ” വലിയ ക്യാമറകളുമായി അവർ വീടിനു മുമ്പിൽ വന്നപ്പോൾ ഞാൻ വിതുമ്പുകയായിരുന്നു. അവരെ ഞാൻ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. ചായ കൊടുത്തു. എന്റെ സാധാരണ വേഷം കണ്ട് അവർ ഞെട്ടിപ്പോയി. ” ഞാൻ ഇതാണ്” അവരോട് പറഞ്ഞു. ”

ബേബിയുടെ കുട്ടികൾ മുതിർന്നവർ ആയി. ആൺകുട്ടികളിൽ ഒരാൾ അച്ഛന്റെ കൂടെ പോയി. ഒരാൾ ബേബിയുടെ കൂടെ താമസിക്കുന്നു. മകൾ ഗുഡ്ഗാവിൽ ജോലി ചെയ്യുന്നു.

ബംഗാളിയിൽ രണ്ടു പുസ്തകങ്ങൾ കൂടി ബേബി എഴുതി. ഇപ്പോൾ ബേബി സോനാഗച്ചിയിൽ പെൺകുട്ടികളെ കടത്തുന്നത് തടയാൻ ഒരു എൻജിഒയുടെ കൂടെ ജോലി ചെയ്യുന്നു. ഇതു കൂടി ചെയ്താലെ ജീവിതം സാർത്ഥകമാകൂ എന്ന് ബേബി കരുതുന്നു.

ബേബിയെ എപ്പോഴും പ്രസാധകർ വിളിച്ചു കൊണ്ടിരിക്കുന്നു. നാലാമത്തെ പുസ്തകം ഏതാണ്ട് തയ്യാറായി കഴിഞ്ഞു. ചുറ്റുമുള്ള പെൺകുട്ടികളോടൊക്കെ ബേബി പറയുന്ന ഏക കാര്യം വായിക്കുകയും പഠിക്കുകയും ചെയ്യണം എന്നാണ്, അത് ബേബിയെ അനുഭവം പഠിപ്പിച്ചതാണ്.

Back to top button
error: