25 വര്‍ഷത്തിനിടെ പുലി പിടിച്ചത് 55 പേരെ ; വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഫോറസ്റ്റുകാരും അനങ്ങുന്നില്ല ; കഴിഞ്ഞദിവസവും കരിമ്പിന്‍ തോട്ടത്തിനകത്തു നിന്നും വന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചു

പൂനെ: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുള്ള കുട്ടി മരിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ ജനരോഷം. നൂറുകണക്കിന് നാട്ടുകാര്‍ പൂനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ പ്രതിഷേധ പ്രകടനം നടത്തി. പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ നാട്ടുകാര്‍ തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ടു. 13 വയസ്സുള്ള കുട്ടി കളിക്കുന്നതിനിടയില്‍ കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പുലി പുറത്തുവന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു.
ആക്രമണത്തെത്തുടര്‍ന്ന്, ഗ്രാമവാസികള്‍ സ്ഥലത്തേക്ക് ഓടിയെത്തുന്നതിനുമുമ്പ് പുള്ളിപ്പുലി രക്ഷപ്പെട്ടു. അധികാരികള്‍ പുള്ളിപ്പുലിയെ പിടികൂടി കൊന്നില്ലെങ്കില്‍ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്ന് പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെട്ട പ്രദേശവാസികളായ ഗ്രാമീണര്‍ പൂനെ – നാസിക് ഹൈവേ ഉപരോധിച്ചു. പുനെ-നാസിക് ഹൈവേയിലെ മഞ്ചാര്‍ ബൈപാസില്‍ തിങ്കളാഴ്ച രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു.
പുള്ളിപ്പുലികളെ വെടിവയ്ക്കാന്‍ തോക്ക് ലൈസന്‍സ് വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ഹൈവേയില്‍ ഗതാഗതക്കുരുക്കിന് കാരണമായി. റോഡ് വൃത്തിയാക്കാനും ഗതാഗതം സുഗമമാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിച്ചതോടെ പ്രതിഷേധം രൂക്ഷമായി. പുള്ളിപ്പുലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനോ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ വനം വകുപ്പ് കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗ്രാമവാസികള്‍ ആരോപിച്ചു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇവിടെ പുള്ളിപ്പുലി ആക്രമണങ്ങളില്‍ ഏകദേശം 55 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി എന്‍സിപിഎസ്പി നേതാവ് ദേവദത്ത നികം ഊന്നിപ്പറഞ്ഞു. കെണികള്‍ ഉപയോഗിച്ച് പുള്ളിപ്പുലിയെ ജീവനോടെ പിടിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. മൃഗത്തിന്റെ സാന്നിധ്യം മൂലം മനുഷ്യജീവിതത്തിന് ഉണ്ടാകുന്ന അപകടം ചൂണ്ടിക്കാട്ടി വെടിവെയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം ശ്രീനിവാസ് റെഡ്ഡി. ഉത്തരവ് 2025 ഡിസംബര്‍ 31 വരെ സാധുവാണെന്ന് ഉത്തരവില്‍ പറയുന്നു.






