വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് ആസൂത്രിതമായ കൊലപാതകം ആണെന്ന് ആവര്‍ത്തിച്ച് ആദ്യം മുതല്‍ തന്നെ രംഗത്തുണ്ടായിരുന്ന ആളാണ് കലാഭവനിലെ മുന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് സോബി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ കളളമൊഴി നല്‍കിയതിന് സോബിക്കെതിരെ സിബിഐ കേസെടുക്കാന്‍ ഒരുങ്ങുകയാണ്.
വ്യക്തിവിരോധം തീര്‍ക്കുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനുമാണ് സോബി ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നാണ് നിഗമനം. സോബിയുടെ മൊഴിയില്‍ പറയുന്ന കോതമംഗലം സ്വദേശി ഇവരുടെ മുന്‍ഭാര്യയായിരുന്നു. എന്നാല്‍ ഇവരുമായി വേര്‍പിരിഞ്ഞ സോബി ഇതിലുളള വ്യക്തിവിരോധം തീര്‍ക്കാനാണ് ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കേസ് ഒതുക്കാനായി ഒരു സംഘം ആളുകള്‍ 100 കിലോ സ്വര്‍ണം തനിക്ക് വാഗ്ദാനം ചെയ്‌തെന്നുമാണ് സോബി പറയുന്നത്. അതേസമയം, കോതമംഗലം സ്വദേശിനി അയച്ചിട്ട് ഒരു സംഘം വീട്ടില്‍ വന്ന് ഭീഷണിപെടുത്തിയെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സോബി പറഞ്ഞെങ്കിലും ഇവയൊന്നും തന്നെ സോബിക്ക് ഹാജരാക്കാനായില്ല. തുടര്‍ന്ന് നടത്തിയ പോളിഗ്രാഫ് പരിശോധനയില്‍ നിന്നും സോബി പറഞ്ഞതെല്ലാം നുണയാണെന്ന് കണ്ടെത്തുകയായിരുന്നു. മാത്രമല്ല വഞ്ചന മനുഷ്യകടത്ത് അടക്കം ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് സോബി. ഒരു കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ രക്ഷപ്പെടുമ്പോള്‍ ആണ് അപകടസ്ഥലത്ത് ഇയാള്‍ എത്തിയതെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
ബാലഭാസ്‌കറിന്റെ കുടുംബം ഉന്നയിക്കുന്ന ദുരൂഹതക്ക് തെളിവുകള്‍ ഇല്ല എന്നും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. അമിതവേഗതയില്‍ വാഹനമോടിച്ചതാണ് അപകടകാരണം. ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ ശരിവെക്കുന്നതാണ് സിബിഐയുടെ കുറ്റപത്രം. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് കുടുംബം മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുന്നത്. എന്നാല്‍ ബാലഭാസ്‌കറിനോ ട്രൂപിനോ സ്വര്‍ണക്കടത്തുമായി ബന്ധമില്ല എന്ന് സിബിഐ കണ്ടെത്തി. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ഉണ്ടായ സംശയത്തിനും അപകടവുമായി ബന്ധം ഇല്ല എന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
സോബിയുടെ മൊഴിയില്‍ വിശ്വസിച്ചായിരുന്നു ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ പരാതിയുമായി മുമ്പോട്ട് വന്നതെന്ന് സിബിഐ പറയുന്നു. സംഭവ ദിവസം താന്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ കാര്‍ ഒരു സംഘം അടിച്ച് തകര്‍ത്തിരുന്നുവെന്നാണ് സോബി പറഞ്ഞത് . എന്നാല്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ മൊഴിയില്‍ നിന്നും തെളിവുകള്‍ സോബിക്ക് എതിരാണ്. 11 മണിയോടെ അടച്ച പെട്രോള്‍ പമ്പില്‍ വെളിച്ചമുണ്ടായിരുന്നുവെന്നായിരുന്നു മൊഴി. എന്നാല്‍ വെളിച്ചമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. മാത്രമല്ല സംഭവസമയത്ത് കളളക്കടത്തു കേസിലെ പ്രിയെ കണ്ടതായി സോബി മൊഴി നല്‍കിയിരുന്നുവെങ്കിലും ആ വ്യക്തി ആ സമയം ബെംഗളൂരുവിലായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
അതേസമയം, കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്റെ മരണത്തിലും സോബിക്ക് പങ്കുളളതായി സഹോദരന്‍ ജോണ്‍ പി മാത്യു രംഗത്തെത്തിയിരുന്നു. അച്ചനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. ഈ മരണത്തിലും കോതമംഗലം സ്വദേശിയുടെ പേരാണ് സോബി ഉന്നയിച്ചത്. അതേസമയം, കേസെടുത്ത സിബിഐ നിലപാടിനെതിരെ സോബി രംഗത്ത് വന്നിരുന്നു. എന്തും നേരിടാന്‍ തയ്യാറാണെന്നും തന്റെ കൈയ്യിലുളള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിടുന്ന നടപടികള്‍ സ്വീകരിക്കുമെന്നും സോബി പറയുന്നു.