തമിഴ് സിനിമയെ ലോകസിനിമയിൽ അടയാളപ്പെടുത്തിയ താരമാണ് ധനുഷ്. താരത്തിന്റെ പ്രകടനത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയും നിരൂപകപ്രശംസയും നേടാൻ സാധിച്ചിട്ടുണ്ട്. ധനുഷിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രം 100 കോടി രൂപയോളം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു. രജനീകാന്തിനെ നായകനാക്കി പേട്ട എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ഒരുക്കിയ കാർത്തിക് സുബ്ബരാജ് ധനുഷിനൊപ്പം ചേരുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. അണിയറയിലും അരങ്ങിലും മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ ഒരുമിക്കുമ്പോൾ ലഭിക്കുക ബ്ലോക്ക് ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആയിരിക്കില്ല എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിനും ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ചിത്രം എപ്പോൾ തിയേറ്ററിൽ എത്തുമെന്ന പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെയും ആരാധകരുടെയും കാത്തിരിപ്പിന് മങ്ങലേൽപ്പിച്ചു കൊണ്ടാണ് ജഗമേ തന്ത്രം എന്ന ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പ്രദർശനത്തിനെത്തുക എന്ന് നിർമ്മാതാക്കൾ അറിയിച്ചത്. തീയേറ്ററുകള്‍ തുറക്കുകയും പ്രദർശനങ്ങൾ പഴയപടി ആരംഭിക്കാമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷവും ധനുഷ് ചിത്രം എന്തുകൊണ്ട് ഓൺലൈൻ പ്ലാറ്റ് ഫോമില്‍ എത്തുന്നു എന്ന് സംശയത്തോടെയാണ് ഏവരും ചോദിച്ചത്.
ഈ വിഷയത്തില്‍ താരവും ഏറെ വേദനിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ”ജഗമേ തന്ത്രം എന്ന ചിത്രം തീയറ്ററിൽ എത്തുമെന്ന് തിയേറ്റർ ഓണേഴ്സിനെ പോലെയും, എക്സിബിറ്റേഴ്സിനെ പോലെയും, ചലച്ചിത്ര പ്രേമികളെ പോലെയും, എന്റെ ആരാധകരെ പോലെയും ഞാനും കാത്തിരിക്കുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്. ”പ്രയീക്ഷയോടെ” എന്ന തല കുറിപ്പോടെ സംവിധായകനായ കാർത്തിക് സുബ്ബരാജ് ധനുഷിന്റെ പോസ്റ്റ് ഷെയർ ചെയ്തു. താരത്തിന്റെയും സംവിധായകന്റെയും ആവശ്യം നിർമാതാക്കൾ പരിഗണിക്കണമെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രാർത്ഥന. ചിത്രം തീയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവര്‍. ധനുഷിനൊപ്പം ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി മലയാളികളായ ജോജു ജോർജും ഐശ്വര്യലക്ഷ്മി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.