Lead NewsNEWS

പോളിയോ തുള്ളിമരുന്നിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍, 3 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. തുടര്‍ന്ന് ഒന്നു മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള പന്ത്രണ്ട് കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ തുളളിമരുന്നുകള്‍ നല്‍കിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയിലെ യാവത്മല്‍ ജില്ലയിലാണ് സംഭവം. പോളിയോ വാക്‌സിനേഷന്‍ എടുത്ത കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വാക്‌സിന് സമീപം വച്ചിരുന്ന സാനിറ്റൈസര്‍ ബോട്ടില്‍ നഴ്‌സുമാര്‍ തെറ്റിദ്ധരിച്ച് കുട്ടികള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.സംഭവത്തില്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തക, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായും ജില്ല കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശ്രീകൃഷ്ണ പഞ്ചല്‍ പറഞ്ഞു. അതേസമയം, കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ചയാണ് രാജ്യമെമ്പാടുമുള്ള അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുരുന്നുകള്‍ക്ക് പോളിയോ വാക്‌സീന്‍ വിതരണം ചെയ്തത്.

Back to top button
error: