NEWS

സ്കാനിയ ബസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ 3 പേരെയും കാട്ടാക്കട യൂണിറ്റിൽ പണം തിരിമറി നടത്തിയ സംഭവത്തിൽ 2 പേരെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ തിരുവനന്തപുരം മംഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി സർവ്വീസിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിലും, ബോണ്ട് സർവ്വീസിലെ ട്രാവൽ കാർഡ് വിതരണത്തിൽ തിരമറി കാട്ടിയ സംഭവത്തിലും ഉൾപ്പെടെ 5 ജീവനക്കാരെ സസ്പെന്റ് ചെയ്തു.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ജനുവരി 31-ന് വൈകിട്ട് ആറ് മണിക്കുള്ള മം​ഗലാപുരം മൾട്ടി ആക്സിൽ സ്കാനിയ എ.സി. സർവ്വീസിൽ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവർ കം. കണ്ടക്ടർമാരായ കെ.റ്റി ശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയായിരുന്നു. എന്നാൽ കണ്ടക്ടർ ചുമതല ഉണ്ടായിരുന്ന വി. എം.ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവർ കം കണ്ടക്ടർ ആയിരുന്ന എം. സന്ദീപിനെ മേലധികാരകളുടെ അറിവോ സമ്മതമോ കൂടാതെ കെ.റ്റി. ശ്രീരാജുമായി ചേർന്ന് കണ്ടക്ടർ ചുമതല വഹിച്ച് കോർപ്പറേഷനെ കബളിപ്പിച്ച് സർവ്വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്പെന്റ് ചെയ്തത്. ആൾമാറാട്ടം നടത്തി സർവ്വീസ് നടത്തിയ ഇവരെ കൊല്ലം വിജിലൻസ് വിഭാ​ഗം ഇൻസ്പെക്ടർമാർ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും , ലോ​ഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാർഡിലും വ്യത്യാസം തോന്നിയതിനെ തുടർന്ന് നടപടിയെടുത്തത്.

Signature-ad

ഈ ബസിലെ ഡ്രൈവറായ ശ്രീരാജ് ടിക്കറ്റ് ആന്റ് ക്യാഷിലും , റിസർവേഷൻ കൗണ്ടറിലും വി.എം. ബിജീഷിന്റെ പേര് പറഞ്ഞ് വേബിൽ, റിസർവേഷൻ ചാർട്ട് എന്നിവ വാങ്ങി, വേബിൽ , ലോ​ഗ് ഷീറ്റ് എന്നിവയിൽ സ്റ്റേഷൻമാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവരെ കാണിച്ച് രേഖകളിൽ വി.എം. ബിജീഷിന്റേയും, കെ.റ്റി ശ്രീരാജിന്റേയും പേരുകൾ എഴുതി ചേർത്ത് കോർപ്പറേഷനെ കബളിപ്പിച്ച് ആൾമാറാട്ടം നടത്തുന്നതിന് കൂട്ടു നിന്നതിനാണ് നടപടിയെടുത്തത്.

കോർപ്പറേഷന്റെ അന്തർ സംസ്ഥാന സർവ്വീസായ സ്കാനിയ സർവ്വീസിൽ ഷെഡ്യൂൾ പോസ്റ്റ് ചെയ്ത ഡ്രൈവർ കം കണ്ടക്ടറിന് പകരം, കോർപ്പറേഷൻ ഡ്യൂട്ടിക്ക് നിയോ​ഗിക്കാതിരുന്നിട്ടും കണ്ടക്ടർ ചുമതല വഹിച്ച് ആൾമാറാട്ടം നടത്തിയ എം. സന്ദീപിന്റെ പ്രവർത്തി കോർപ്പറേഷന് അവമതിപ്പും, കോർപ്പറേഷന്റെ സത്പേരിന് കളങ്കം ചാർത്താനും ഇടയായത് ​ഗുരുതരമായ അച്ചടക്കലംഘനമെന്ന് കാട്ടിയാണ് സന്ദീപിനെ സസ്പെൻഡ് ചെയ്തത്.

സ്കാനിയ സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടറായി ഷെഡ്യൂൾ പോസ്റ്റ് ചെയ്തിട്ടും മേലധികാരികളെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന വി. എം. ബിജീഷിന്റെ പ്രവർത്തി ​ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.

കാട്ടാക്കട യൂണിറ്റിലെ ബോണ്ട് ട്രാവൽ കാർഡുകൾ വിതരണം നടത്തുന്നതിലും, ക്യാഷ് കൗണ്ടറിൽ പണം അടച്ചതിലും ഉണ്ടായ ക്രമക്കേടുകളെ സംബന്ധിച്ച് നെടുമങ്ങാട് ഇൻസ്പെക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 21 ന് കാട്ടാക്കട യൂണിറ്റിൽ ബോണ്ട് സർവ്വീസ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി ചീഫ് സ്റ്റോറിൽ നിന്നും ലഭ്യമാക്കിയ 4,12,500 രൂപ മൂല്യം വരുന്ന 300 ട്രാവൽ കാർഡുകൾ യാത്രക്കാർക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടി കണ്ടക്ടർമാരായ എ. അജി, എം.സെയ്ദ് കുഞ്ഞ് എന്നിവരെ യൂണിറ്റോഫീസർ ചുമതലപ്പെടുത്തി രജിസ്ട്രറിൽ രേഖപ്പെടുത്തി ഇരുവരേയും ഏൽപ്പിക്കുകയും ചെയ്തിരുന്നു. കണ്ടക്ടർമാർ ക്രമം തെറ്റിയാണ് കാർഡുകൾ വിൽപ്പന നടത്തിയതെന്നും കാർഡുകൾ വിറ്റതിന് ശേഷം കണ്ടക്ടർമാർ വിറ്റു പോയ എല്ലാ കാർഡുകളും വേബില്ലിൽ രേഖപ്പെടുത്താതെ പണം അടച്ചിരിക്കുന്നതായും, വേബില്ലിൽ രേഖപ്പെടുത്താതെ വിൽപ്പന നടത്തിയ കാർഡുകളുടെ വില ദിവസങ്ങളോളം കൈയ്യിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു

കഴിഞ്ഞമാസം 18 ന് ബോണ്ട് കാർഡുകളുടെ ചുമതല ഡിപ്പോയിലെ മറ്റൊരു കണ്ടക്ടർക്ക് നൽകുന്നതിന് യൂണിറ്റോഫീസർ നൽകിയ നിർദ്ദേശ പ്രകാരം കാർഡുകൾ കൈമാറുന്ന സമയത്ത് അന്നേ ദിവസം വിറ്റ കാർഡുകളുടേയും, കൈമോശം വന്നുവെന്ന് അവകാശപ്പെടുന്ന കാർഡുകളുടേയും വിലയും ചേർത്ത് 45,000 രൂപ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ അടച്ചതായും രേഖകളുടെ പരിശോധനയിൽ തെളിഞ്ഞു. ജനുവരി 18 ന് വേബില്ലിൽ രേഖപ്പെടിത്തിയ കാർഡുകളിൽ പലതും മുൻപ് വിറ്റ് പോയവയാണെന്നും 15 ദിവസം വരെ ട്രാവൽ കാർഡ് വിറ്റ് കിട്ടിയ പണം കണ്ടക്ടർമാർ സ്വന്തം കൈയ്യിൽ സൂക്ഷിച്ചിരുന്നതായും ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരേയും സസ്പെൻഡ് ചെയ്തത്.

ഇതിന് മുൻപ് വയനാട് 41 ല​ക്ഷം രൂപയാണ് ടിക്കറ്റ് മിഷനീൽ കൃത്രിമം നടത്തി വെട്ടിപ്പ് നടത്തിയത്. അത് പോലെ ഒരു വെട്ടിപ്പാണോ കാട്ടാക്കടയിൽ നടന്നതെന്നും പരിശോധിക്കുന്നുണ്ട്.
ഇങ്ങനെ കോർപ്പറേഷന്റെ തുകയിൽ ഇതിന് മുൻപും ഇവർ‌ വെട്ടിപ്പ് നടത്തിയതായി സംശയമുണ്ട്. അതിനെപ്പറ്റി വിശദമായി അന്വേഷണം നടത്തുമെന്ന് സിഎംഡി അറിയിച്ചു. എണ്ണിക്കൊടുത്തിട്ടുള്ള ബോണ്ട് കാർഡുകളിലെ തുക അടയ്ക്കാതെ കൈയ്യിൽ വെച്ച സംഭത്തിൽ ഇതിന് മുൻപും ഇവർ ലക്ഷക്കണക്കിന് രൂപ തിരിമറി നടത്തിയതായി സംശയമുണ്ട് വിശദമായ പരിശോധനയിലെ ഈക്കാര്യം അറിയാൻ കഴിയുകയുള്ളൂ. ഇവരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിയമവിഭാ​ഗവുമായി ആലോചിച്ച് നടപ്പാക്കുന്നതായിരിക്കും. കെഎസ്ആർടിസിയുടെ ദൈനം ദിന കളക്ഷൻ ഇങ്ങനെ പലസ്ഥലങ്ങളിലും അടയ്ക്കാതെ കൈവശം വെക്കുകയും, അതിൽ നിന്നും കുറവ് ചെയ്യുകയും, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയും ചെയ്യുന്നുവെന്ന പരാതികൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് തെളിവ് സഹിതം രണ്ട് പേരെ പിടികൂടുന്നത്.

Back to top button
error: