NEWS
”ബുദ്ധിയാണ് സാറേ ഇവരുടെ മെയിൻ”: ലോറി വേദിയാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴമൊഴി നമ്മൾ കേട്ടിട്ടുണ്ട്. ഒരു സമ്മേളനത്തിന് ചിലവ് ചുരുക്കി എങ്ങനെ ഒരു വേദി നിര്‍മ്മിക്കാം.? ചിന്തകൾ പലവഴിക്ക് പായുമെങ്കിലും ശാന്തിപുരത്തെ ചുണക്കുട്ടികളായ ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ടെത്തിയ മാർഗ്ഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഒരു ലോറി സംഘടിപ്പിക്കുക, അതിനെ വൃത്തിയായി അലങ്കരിച്ച് സമ്മേളന വേദിയാക്കി മാറ്റുക. പുറമേ നിന്നു നോക്കിയാൽ അത്യുഗ്രൻ വേദി, പക്ഷേ വേദിയിൽ ഇരിക്കുന്ന അതിഥികളോ കാണികളായി എത്തിയവരോ ആരുംതന്നെ തിരിച്ചറിഞ്ഞിട്ടില്ല അതൊരു ലോറി ആണെന്ന്.
ചിലവ് ചുരുക്കി ഗുണമേന്മയുള്ള വേദി എന്നത് തന്നെയാണ് ലോറി വേദിയുടെ പ്രത്യേകത. പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഭൂരിഭാഗം പേരും ഇതൊരു ലോറി ആണെന്ന് തിരിച്ചറിഞ്ഞില്ല എന്നുള്ളതാണ് സംഭവത്തിലെ ഏറ്റവും കൗതുകകരമായ കാര്യം. ഡിവൈഎഫ്ഐ കറുകച്ചാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ”ഗാന്ധിയെ മറക്കരുത്, ഇന്ത്യയെ തോൽപ്പിക്കരുത്, ഒന്നിച്ചിരിക്കാം”ഗാന്ധിസ്മൃതി സംഗമവും നവാഗതർക്ക് സ്വീകരണവും എന്ന പരിപാടിയിൽ ആയിരുന്നു വ്യത്യസ്തമായ ഈ ലോറി വേദി പ്രത്യക്ഷപ്പെട്ടത്.
ഡിവൈഎഫ്ഐ കറുകച്ചാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിപുരം കവലയിൽ വെച്ചാണ് പൊതുയോഗം നടന്നത്. കൺവീനർ റോബിൻ വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അഡ്വക്കേറ്റ്. റെജി സഖറിയയാണ്. വ്യത്യസ്തമായ ലോറി വേദി എന്ന ആശയം അവതരിപ്പിച്ചത് ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയായിരുന്ന അരുൺ ബി ആണ്. കാര്യമറിഞ്ഞതോടെ സുഹൃത്തായ പ്രദീപ് യാതൊരു പ്രതിഫലവും വാങ്ങാതെ ലോറി വിട്ടു തരാൻ സന്നദ്ധനാവുകയായിരുന്നു. വേദി നിർമ്മിക്കാൻ അരുണിന് ഒപ്പം പ്രവര്‍ത്തകരായ സുജിത്തും അനൂപും നാസ് ഡെക്കറേഷന്റെ പ്രവര്‍ത്തകരും കൂടി ചേര്‍ന്നപ്പോള്‍
സംഭവം ഉഷാറായി. എങ്ങനെ ചിലവ് കുറച്ച് പരിപാടി ഗംഭീരം ആക്കാമെന്ന ആലോചനയില്‍ നിന്നാണ് ലോറി വേദിയുടെ ആശയം രൂപപ്പെട്ടത്