Lead NewsNEWSVIDEO

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം-വീഡിയോ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. യാത്രയുടെ ഉദാഘാടനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുറത്തിറങ്ങിയ സപ്ലിമെന്റിലാണ് വീക്ഷണത്തിന്റെ ആദരാഞ്ജലി രേഖപ്പെടുത്തിയത്.

Signature-ad

വലുപ്പചെറുപ്പമില്ലാതെ യുഡിഎഫിലെ ചെറുതുും വലുതുമായ എല്ലാ കക്ഷിനേതാക്കളുടേയും ചിത്രം ചേര്‍ത്താണ് ആദരാഞ്ജലി നേര്‍ന്നിരിക്കുന്നത്. ചെന്നിത്തല മുതല്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ , മുല്ലപ്പളളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതേസമയം, പത്രത്തിന്റെ ഈ പേജിന് സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനങ്ങള്‍ നിറയുകയാണ്.

ഇന്ന് കാസർഗോഡ് നിന്നാണ് ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുഖ്യാതിഥിയായിരിക്കും.

എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യുടി ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീര്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, യുഡിഎഫ് നേതാക്കളായ പിജെ ജോസഫ്, എഎ അസീസ്, അനൂപ് ജേക്കബ്, സിപി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും.

പ്രവര്‍ത്തകരേയും നേതാക്കളേയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെ സംസ്ഥാനമുടനീളം പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടല്‍ എന്നിവ ലക്ഷ്യം വെച്ചാണ് യാത്ര. കുമ്പള നഗര മധ്യത്തിണ് ഉദ്ഘാടന വേദി.

ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. രണ്ടാം തിയതി രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Back to top button
error: