താൻ ഒരു കോൺഗ്രസുകാരൻ ആണെന്ന് നിരന്തരം അഭിമുഖങ്ങളിൽ പരസ്യമായി പറയുന്ന ആളാണ് ധർമ്മജൻ ബോൾഗാട്ടി. ഇത്തവണ ധർമ്മജൻ ഒരുപക്ഷേ തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകാം.
കോഴിക്കോട് ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് ധർമ്മജനെ പരിഗണിക്കുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നാണ് ധർമ്മജൻ ബോൾഗാട്ടിയുടെ നിലപാട്.
ലീഗ് മത്സരിക്കുന്ന സീറ്റാണ് ബാലുശ്ശേരി. ഇത്തവണ ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും എന്നാണ് സൂചന. ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞദിവസങ്ങളിൽ ധർമ്മജൻ പങ്കെടുത്തിരുന്നു.
പൊതുജന സമ്മതരായ ചിലരെ ധർമ്മജൻ നേരിട്ട് വീട്ടിലെത്തി കാണുകയും ചെയ്തു. കോൺഗ്രസിന്റെ ജില്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തി. സംസ്ഥാനനേതാക്കൾ ധർമ്മജനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
താൻ ഒരു കോൺഗ്രസുകാരൻ ആണെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നുമാണ് ധർമ്മജന്റെ നിലപാട്. തെരഞ്ഞെടുപ്പിൽ തന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന കാര്യം ധർമ്മജൻ സ്ഥിരീകരിച്ചു. എന്നാൽ ഏതാണ് മണ്ഡലം എന്ന് ഉറപ്പില്ല.
ഇടതു കോട്ട എന്നുവിളിക്കാം ബാലുശ്ശേരിയെ. കഴിഞ്ഞതവണ സിപിഎം സ്ഥാനാർത്ഥി പുരുഷൻ കടലുണ്ടി പതിനയ്യായിരത്തിലധികം വോട്ടുകൾക്കാണ് ഇവിടെ ജയിച്ചത്. ധർമ്മജനിലൂടെ മണ്ഡലം പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.