NEWS

കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും: മുഖ്യമന്ത്രി

ബുദ്ധിമുട്ടിലായ കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്നും കലാകാരൻമാരുടെ പ്രയാസം സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. 

കലാകാരൻമാർക്ക് ഇപ്പോൾ ചില സഹായങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. കൂടുതൽ സഹായം നൽകാൻ മടിച്ചു നിൽക്കില്ല. അവശ കലാകാരൻമാർക്ക് പെൻഷൻ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും. കേരളത്തിനൊരു സിനിമ നയം രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Signature-ad

കേരള കലാമണ്ഡലത്തിൽ പ്‌ളസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർ പഠനത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിശോധിക്കും. കേരളത്തിലെ വിവിധ അക്കാഡമികൾക്ക് ആവശ്യമുള്ള  ഫണ്ട് സർക്കാരിന്റെ പരിമിതിക്കുള്ളിൽ നിന്ന് നൽകുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കേണ്ടതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പൈതൃക കേന്ദ്രങ്ങൾ നശിക്കാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. സാഹിത്യകാരൻമാർ സ്‌കൂളുകളിലെത്തി കുട്ടികളുമായി സംവദിക്കുന്ന പരിപാടി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിന് തലസ്ഥാനത്തെ ഹാളുകൾ ചെറിയ വാടകയ്ക്ക് വിട്ടു നൽകണമെന്ന നിർദ്ദേശം പരിഗണിക്കും. കേരളത്തിലെ നൃത്തവിദ്യാർത്ഥികൾക്ക് ഗവേഷണം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതും ചർച്ച ചെയ്യും.
സൈബർ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്ന പൊതുഅഭിപ്രായം വന്നിട്ടുണ്ട്. സൈബർ സെല്ലുകളിൽ നിലവിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. 

കേരളത്തിലെ സർവകലാശാലകളുടെ മികവ് വർധിപ്പിക്കാനുള്ള നല്ല ശ്രമത്തിലാണ് സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖല കാലാനുസൃതമായി മാറേണ്ടതുണ്ട്. ഇതിനുള്ള പ്രഖ്യാപനം ഇത്തവണത്തെ ബഡ്ജറ്റിലുണ്ടായിട്ടുണ്ട്.  പോലീസിനോടുള്ള ഭയം അകറ്റാൻ വിദ്യാലയങ്ങളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ക്‌ളാസുകളെടുക്കണമെന്ന് ചർച്ചയിൽ ഉയർന്ന നിർദ്ദേശം നല്ല ആശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Back to top button
error: