ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. കോവിഡ് മഹാമാരിയിൽ അടഞ്ഞു കിടന്ന തീയേറ്ററുകളെ വീണ്ടും പഴയ പാതയിലേക്ക് തിരികെ എത്തിക്കാൻ മാസ്റ്റർ എന്ന ചിത്രം വഹിച്ച പങ്ക് ചെറുതല്ല. തീയേറ്ററില്‍ 50 ശതമാനം ആളുകൾ എന്ന നിലയിലും ചിത്രം 200 കോടി കളക്ഷൻ ഇതിനോടകം നേടി എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗത്തായി മാസ്റ്റർ ഒരേ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും ആദ്യദിവസങ്ങളിൽ അനുഭവപ്പെട്ട തിരക്ക് തന്നെയാണ് ഇപ്പോഴും പല തിയേറ്ററുകളിലും തുടരുന്നത്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിജയിക്കാപ്പം വിജയ് സേതുപതി, മാളവിക മോഹൻ, ആൻഡ്രിയ, അർജുൻ ദാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.
കോവിഡ് പ്രതിസന്ധിയില്‍ തീയേറ്ററിലെത്തി സിനിമ കാണാൻ കഴിയാതിരുന്ന പ്രേക്ഷകർ ഒരു പോലെ ചോദിക്കുന്ന ചോദ്യമാണ് മാസ്റ്റർ എന്ന് ഓൺലൈനിൽ റിലീസ് ഉണ്ടാവുമെന്നത്. ഒരു ഒടിടി പ്ലാറ്റ്ഫോം റെക്കോർഡ് തുകയ്ക്കാണ് മാസ്റ്ററിന്റെ വിതരണാവകാശം നേടിയതെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. എന്നാലിപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മാസ്റ്റർ എന്ന് ഒടിടി പ്ലാറ്റ്ഫോമിൽ എത്തുന്നമെന്ന തീയതിയെക്കുറിച്ച് സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ഫെബ്രുവരി 12 ന് ചിത്രം ഓണ്‍ലൈന്‍ റിലീസായി എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതോടൊപ്പം ചിത്രത്തിന്റെ ടെലിവിഷൻ റിലീസ് ഏപ്രിൽ 14നും നടത്തുമെന്ന് വാർത്തകളുണ്ട്.