വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്കാന് തീരുമാനം. പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെ ടെന്‍ഡുകളില്‍ ഒന്നില്‍ ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു.
റിസോര്‍ട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കള്‍ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പേരാമ്പ്രയിലെ ദാറു നൂജ്ഉം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന.