പോലീസിന്റെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ മരണപ്പെട്ട തൈപ്പറമ്പിൽ ഷെഫീഖിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഷെഫിക്കിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് രണ്ടിന് കീഴിൽ എസ്പി എം ജെ സോജൻ നേതൃത്വത്തിലാണ് അന്വേഷണം.
റിമാൻഡിൽ ഇരിക്കവേ അപസ്മാരം വന്നാണ് ഷെഫീക്കിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റിയത്. കഴിഞ്ഞ പതിമൂന്നാം തീയതി കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് ഷെഫീക്ക് മരണപ്പെടുന്നത്. ഷെഫിക്കിന്റെ ആരോഗ്യനില പരിപൂർണമായും ഭേദം ആണെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത് എന്ന് അധികൃതർ പറഞ്ഞിരുന്നു. ഷെഫിക്കിന്റേത് കസ്റ്റഡിമരണം ആണെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഷെഫീക്കിനെ കസ്റ്റഡിയിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂളിൽ ഇന്നലെ അന്വേഷണസംഘം എത്തി തെളിവെടുപ്പ് നടത്തി.