കേരള മനസാക്ഷി ഞെട്ടലോടെ കേട്ട കടയ്ക്കാവൂര്‍ പോക്‌സോ കേസ് ഇതാ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. കുട്ടിയുടെ അമ്മ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് കുട്ടി മൊഴി നല്‍കിയതെന്നുമായിരുന്നു ആ അമ്മയുടെ വാദം. തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു തുടര്‍ന്ന് ഈ ജാമ്യ ഹര്‍ജിയിലാണ് അനുകൂല വിധി വന്നിരിക്കുന്നത്.
വനിത ഐപിഎസ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു. മാത്രമല്ല കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേ സമയം. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടാതെ ചില മരുന്നുകള്‍ നല്‍കിയതായുള്ള കുട്ടിയുടെ മൊഴിയടക്കമുള്ള കാര്യങ്ങളും ജാമ്യ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ജാമ്യം ലഭിച്ചതോടെ അമ്മയുടെ വാക്കുകളില്‍ സത്യമുണ്ടെന്ന സൂചനകള്‍ കൂടി ശക്തമാകുകയാണ്.
പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിമൂന്നുകാരന്‍ മകനെ അമ്മ പീഡിപ്പിച്ചുവെന്ന സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം പുറം ലോകമറിഞ്ഞത്. ഡിസംബര്‍ 18 നാണ് കടക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയുടെ പേരില്‍ പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്ന് മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്.
ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് സമ്മതിക്കാതിരുന്ന ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കുവാന്‍ അച്ഛന്‍ തന്നെ മകനെ കൂട്ടുപിടിച്ച് അമ്മയ്‌ക്കെതിരെ കൃത്രിമമായി കേസ് കെട്ടിച്ചമച്ചതാണെന്ന് രണ്ടാമത്തെ മകന്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ മകന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ സംഭവത്തില്‍ പ്രതി എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് വേണ്ടി വാദിക്കാനും ഒരുപാടുപേര്‍ രംഗത്തെത്തി. സംഭവത്തില്‍ യുവതി നിരപരാധിയാണെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ചു.
അതേസമയം,കേസില്‍ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കേസ് ഡയറി ഹാജരാക്കി. എന്നാല്‍ ഹീനമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും പ്രതിഭാഗം വ്യക്തമാക്കിയപ്പോള്‍ തന്നോടുള്ള വിരോധം തീര്‍ക്കാന്‍ ഭര്‍ത്താവ് മകനെ കരുവാക്കിയതാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ആരോപിച്ച് അമ്മയും വാദങ്ങളെ പൊളിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) 10 ദിവസം ഹോസ്റ്റലില്‍ താമസിപ്പിച്ചു വിദഗ്ധ കൗണ്‍സലിങ് നടത്തിയതിനു ശേഷമാണു കുട്ടി പറയുന്നതു ശരിയാണെന്നു കണ്ടെത്തിയതെന്നും തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു റഫര്‍ ചെയ്തതെന്നും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടിക്ക് പ്രതി പ്രത്യേക മരുന്നു നല്‍കിയിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. മരുന്നു പിന്നീടു കണ്ടെത്തി. ഡോക്ടര്‍, സിഡബ്ല്യുസി, മജിസ്ട്രേട്ട് എന്നിവര്‍ക്കു കുട്ടി നല്‍കിയ മൊഴിയും മരുന്നു കണ്ടെടുത്തതും കുറ്റകൃത്യം വ്യക്തമായി സൂചിപ്പിക്കുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്വന്തം അമ്മ തന്നെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമാണ് കടയ്ക്കാവൂരില്‍ അരങ്ങേറിയതെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചപ്പോഴും തളരാതെ പിടിച്ചു നിന്നു ആ അമ്മയ്ക്ക് ഇന്ന് ജാമ്യം ലഭിച്ചപ്പോള്‍ സത്യം ആരുടെ പക്ഷത്താണെന്നാണ് ഇനി അറിയേണ്ടത്.