കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ഊര്‍ജ്ജിതമായ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി. ദിവാകരന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജലാശയ അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച്, ജനങ്ങളില്‍ സുരക്ഷാ അവബോധം സൃഷ്ടിച്ച് മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനും അതിലൂടെ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും, അപകടം ഉണ്ടാവുകയാണെങ്കില്‍ നേരിടുന്നതിനും സമൂഹത്തെ പ്രാപ്തമാക്കുന്നതിന് അഗ്നിരക്ഷാ വകുപ്പ് സേഫ്റ്റി ബീറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ അപകടമുണ്ടായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും ജലാശയ അപകടങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ മേഖലകളിലുള്ള സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. സാമൂഹ്യ സന്നദ്ധ സേനയിലെ അംഗങ്ങള്‍ക്കും ഈ പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
സ്കൂബാ ഡൈവിംഗില്‍ പ്രത്യേകം പരിശീലനം നല്‍കി ജലാശയ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പര്യാപ്തമാക്കി 14 ജില്ലകളിലും പ്രത്യേക ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി കേന്ദ്രമാക്കി ജലസുരക്ഷാ വിദഗ്ദ്ധ പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാരിന്‍റെ ‘മിഷന്‍ 676’ ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ 3150 വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക നീന്തല്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ, പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിജ്ഞാനം ഉള്‍പ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിനും സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് & ട്രെയിനിംഗ് ഡയറക്ടര്‍ക്കും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം ലഭിച്ചിരിക്കണം.
ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് തുടങ്ങിയവയിലൂടെ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കും, ക്ലബ്ബുകളും റസിഡന്‍റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും നീന്തല്‍ പരിശീലനം നല്‍കിവരുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ലൈഫ് ഗാര്‍ഡുകളെ നിയമിച്ച് മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.