ന്യൂഡല്‍ഹി: പിപിഇ കിറ്റ് ധരിച്ച് സ്വര്‍ണം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയായ മുഹമ്മദ് ഷെയ്ക്ക് നൂറിനാണ് അറസ്റ്റിലായത്. സ്വര്‍ണക്കടയില്‍നിന്ന് 25 കിലോയോളം സ്വര്‍ണമാണ് കവര്‍ന്നത്.
ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ കെട്ടിടത്തിന്റെ ടെറസില്‍നിന്ന് ചാടിയാണ് ഇയാള്‍ സ്വര്‍ണക്കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്ന സമയത്ത് ആയുധധാരികളായ അഞ്ച് സുരക്ഷാജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് സ്വര്‍ണക്കടയിലേക്ക് കടന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.
കടയ്ക്കുള്ളില്‍ മുഹമ്മദ് സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. മോഷ്ടിച്ച സ്വര്‍ണം മുഹമ്മദ് ഓട്ടോയിലാണ് കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കടയ്ക്കുള്ളില്‍ കടന്ന മുഹമ്മദ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം അവസാനിപ്പിച്ച് പുറത്തുകടന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹി കാല്‍ക്കാജിയിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനാണ് മുഹമ്മദ്.