മലയാളം സിനിമയിലെ മികച്ച കെമിസ്ട്രി ഉള്ള നടീനടന്മാരാണ് ജയറാമും പാര്‍വതിയും. നിരവധി ചിത്രങ്ങളില്‍ ഇവര്‍ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. അഭ്രപാളിയിലെ പ്രണയം പിന്നീട് ഒരുമിച്ചു ജീവിക്കുന്നതിനും കാരണമായി. 1992 സെപ്റ്റംബര്‍ ഏഴിനാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്.
പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അപരന്‍’ എന്ന സിനിമയിലൂടെയാണ് ജയറാമിന്റെ അരങ്ങേറ്റം. ഈ സിനിമയില്‍ വെച്ച് 1988ലാണ് ജയറാം പാര്‍വ്വതിയെ കാണുന്നത്. പിന്നീട് ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്കതിലും ഇവര്‍ ജോഡികളായാണ് അഭിനയിച്ചത്. പിന്നാലെ ഇരുവരും പ്രണയബദ്ധരായി. എന്നാല്‍ ഇരുവരും അത് വളരെ രഹസ്യമായി സൂക്ഷിച്ചു.
സിനിമയില്‍ ഇവരുടെ അടുത്തുള്ളവര്‍ക്ക് പോലും ഈ പ്രണയം കണ്ടുപിടിക്കാനായില്ല. എന്നാല്‍ ഈ പ്രണയം കണ്ടുപിടിക്കാന്‍ സാധിച്ചത് ശ്രീനിവാസനാണ്. എല്ലാവരുടെയും കണ്ണുവെട്ടിച്ച ജയറാമിനും പാര്‍വതിക്കും ശ്രീനിവാസന്റെ കണ്ണ് വെട്ടിക്കാന്‍ ആയില്ല. ‘തലയണമന്ത്രം’ ത്തിന്റെ സെറ്റില്‍ വച്ചാണ് ജയറാമിന്റെയും പാര്‍വതിയുടേയും രഹസ്യപ്രണയം ശ്രീനിവാസന്‍ തിരിച്ചറിഞ്ഞത്. ഈ സിനിമയില്‍ ശ്രീനിവാസനും ജയറാമുമാണ് നായകന്‍മാര്‍. ഉര്‍വ്വശിയും പാര്‍വതിയും ആണ് നായികമാര്‍.
ജയറാമും പാര്‍വതിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? സിനിമാവൃത്തങ്ങള്‍ അടക്കം പറയുന്നതിന് ഇതിനിടയിലാണ് തലയണമന്ത്രം തുടങ്ങുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചില സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ ആയില്ല. അങ്ങിനെ ബന്ധം കണ്ടുപിടിക്കാന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഏല്‍പ്പിച്ചു. അന്ന് വൈകുന്നേരത്തോടെ സത്യം കണ്ടു പിടിക്കും എന്ന് ശ്രീനിവാസന്‍ പ്രതിജ്ഞ ചെയ്തു.
‘ ഞാനാണ് ആദ്യം ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത്. പിന്നാലെ പാര്‍വതി എത്തി . ഞങ്ങളിരുവരും ഇരിക്കുമ്പോള്‍ ശ്രീനിയേട്ടന്റെ കണ്ണുകള്‍ മുഴുവന്‍ ഞങ്ങളില്‍ ആയിരുന്നു. 10 മിനിറ്റ് നേരം അദ്ദേഹം ഞങ്ങളെ തന്നെ നോക്കിയിരുന്നു. പിന്നീട് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു. സത്യാ അവര്‍ പ്രണയത്തിലാണ്.’ ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
എങ്ങനെയാണ് തങ്ങള്‍ തമ്മിലുള്ള രഹസ്യപ്രണയം കണ്ടുപിടിച്ചത് എന്ന് താന്‍ പിന്നീട് ശ്രീനിവാസനോട് ചോദിച്ചുവെന്ന് ജയറാം പറയുന്നു. തന്റെ സ്വതസിദ്ധമായ ചിരിയോടെ ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞു, ‘ ജയറാം സെറ്റിലെ എല്ലാവരോടും സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പാര്‍വ്വതിയോട് മാത്രം മിണ്ടുന്നില്ലായിരുന്നു. പാര്‍വതിയും എല്ലാവരോടും സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിന്നോട് മാത്രം മിണ്ടിയില്ല. കണ്ടപ്പോള്‍ നിങ്ങള്‍ ഇരുവരും കാണാത്ത ഭാവത്തില്‍ ആണ് നടന്നത്. ‘
സംഭവം സത്യമാണെന്ന് ജയറാം അപ്പോള്‍ തന്നെ ശ്രീനിവാസനോട് പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം 1990ലാണ് റിലീസായത്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു ചിത്രം.