നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കി സൈബര്‍ സുരക്ഷാമേഖലയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അവകാശസംരക്ഷണം ഓരോ വ്യക്തിയുടെയും കടമയാണെന്നും കുട്ടികള്‍ക്ക് ഭയരഹിതരായി ജീവിക്കാനുളള സാഹചര്യം സമൂഹത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇയര്‍ ഓഫ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി 2021 ന്റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.
സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ക്കെതിരെ പാലിക്കേണ്ട മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തി കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി എസ്.ശ്യാംസുന്ദര്‍ എന്നിവരും സൈബര്‍ഡോം, സി-ഡാക്ക് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.