
ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം, ആനമുടിചോല ദേശീയോദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടും ചോല ദേശീയോദ്യാനം എന്നിവിടങ്ങള്‍ക്ക് സമീപമുള്ള 102.26 ചതുരശ്രകിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാന്‍ കരട് വിജ്ഞാപനം പുറത്തിറക്കി. കരട് വിജ്ഞാനപനത്തെക്കുറിച്ച് 60 ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയത്തോടെ അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്. 2016 ലെ വിജ്ഞാപനം പിന്‍വലിച്ചാണ് പുതിയ കരട് പുറത്തിറക്കിയിരിക്കുന്നത്. കണ്ണന്‍ദേവന്‍, വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍ വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നത്. അന്തിമ വിജ്ഞാപനം ഇറങ്ങിയ ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കണം. ഈ പദ്ധതി നിലവില്‍ വരുന്നതോടെ കൃഷിയിടങ്ങള്‍, വനം, പാര്‍ക്ക്, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ ഭവന നിര്‍മ്മാണത്തിനോ, വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.