ഡല്‍ഹിയിലെ കര്‍ഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് കാര്‍ഷിക-സാമ്പത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഭുപീന്ദര്‍ സിങ് മാന്‍ പറഞ്ഞു.
സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുകയാണ്. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യുണിയന്‍ നേതാവെന്ന നിലയിലും കര്‍ഷകരുടെ വികാരം എനിക്ക് മനസിലാക്കാനാവും. ഈയൊരു സാഹചര്യത്തില്‍ എനിക്ക് ലഭിച്ച പദവി ഉപേക്ഷിക്കാന്‍ തയാറാണ്. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യങ്ങളെ തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പറഞ്ഞു.
അതേസമയം, ഭൂപീന്ദര്‍ സിങ് മാന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയനും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്. എന്നാല്‍, സമിതിക്കെതിരെ രൂപീകരണവേളയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.