NEWS

വാളയാര്‍ കേസ് സിബിഐക്ക്

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും.

ജനുവരി 6നാണ് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും കുട്ടിയുടെ മാതാവും അന്വേഷണത്തിലും വിചാരണയിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇതോടെ കേസില്‍ പുനര്‍വിചാരണവേണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയപ്പോള്‍ ചൂണ്ടിക്കാട്ടിയത് അന്വേഷണത്തിലെ നിര്‍ണായക വീഴ്ചകളായിരുന്നു. ഇത് ആദ്യമായാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചാരണ അന്വേഷണവുമായി ഹൈക്കോടതിയില്‍ എത്തുന്നത്. വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു പെണ്‍കുട്ടികളുടെ രക്ഷിതാക്കളും സര്‍ക്കാറും ആവശ്യപ്പെട്ടത്. പ്രതികള്‍ക്കെതിരെ മാതാപിതാക്കള്‍ നല്‍കിയ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ചവരുത്തിയതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ അന്വേഷണം നടത്തിയില്ല. ഡി.എന്‍.എ സാംപിള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചില്ല ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. തുടങ്ങിയ കാരണങ്ങള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

പ്രധാന സാക്ഷികളേയും രഹസൃ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല. വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ കോടതി ഇടപെടണമായിരുന്നു, അതുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു.

കോടതി ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ അപ്പീലില്‍ ജസ്റ്റിസ് എ ഹരിപ്രസാദ്,എം ആര്‍ അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അത് പരിഗണിക്കാതെയാണ് വിധി എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
തെരുവില്‍ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞത്.

കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് 2019 ഒക്ടോബര്‍ 25-ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം കേസില്‍ അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നു. 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. പ്രതിയായിരുന്ന മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ നവംബറില്‍ പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെവിട്ടത്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ അപ്പീലിന്മേലുള്ള വാദത്തില്‍ സമ്മതിച്ചിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്-4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

അതേസമയം, അത്യന്തം ദുരൂഹത നിറഞ്ഞ കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി എല്ലാസഹായവും വാഗ്ദാനം ചെയ്ത ശേഷം അവസാനം വഞ്ചിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഭരണകക്ഷി നേതാക്കളുള്‍പ്പെടെ ചേര്‍ന്നാണ് കേസ് അട്ടിമറിച്ചതെന്ന ആക്ഷേപമുയര്‍ന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. അങ്ങനെ 2019 ഡിസംബറില്‍ ആണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button