കേട്ട് കേട്ട് മടുത്തു…മോദീജി പ്ലീസ്.. ഒന്ന് അംഗീകരിച്ച് കൊടുക്കുമോ!! ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷമവസാനിപ്പിച്ചത് ഞാൻ… ഒരു പടികൂടി കടന്ന് അടുത്ത പ്രഖ്യാപനം, സംഘർഷ സമയത്ത് 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു… ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാനാഗ്രഹിച്ചു… 200% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി, പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുവരും പിന്മാറി- ട്രംപ്

വാഷിങ്ടൺ: കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിച്ചതിന് പിന്നിൽ താനാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും മേൽ വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്നുള്ള തന്റെ ഒറ്റ ഭീഷണിയാണ് ഒരു യുദ്ധം ഒഴിവാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു. പീസ് ഓഫ് ബോർഡിന്റെ ആദ്യയോഗത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘർഷസമയത്ത് പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. വിമാനങ്ങളുടെ കാര്യം ട്രംപിന്റെ ഏറ്റവും പുതിയ അവകാശവാദമാണെന്നത് ശ്രദ്ധേയം.
ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്താൽ ഓരോ രാജ്യത്തിനും 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഞാൻ ഭീഷണിപ്പെടുത്തി. ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ, പണത്തിന്റെ കാര്യമെത്തിയപ്പോൾ, വലിയൊരു തുക നഷ്ടപ്പെടുമെന്ന് വന്നപ്പോൾ, യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു, ട്രംപ് പറഞ്ഞു. വ്യോമ പോരാട്ടങ്ങൾ നടക്കുകയും നിരവധി വിമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ സംഘർഷം അപകടകരമായ ഘട്ടത്തിലെത്തിയെന്ന് ട്രംപ് പറഞ്ഞു. സംഘർഷത്തിനിടെ പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും അവ വിലയേറിയ വിമാനങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു.
“ആ യുദ്ധം ആളിക്കത്തിയിരുന്നു. 11 വിമാനങ്ങൾ വെടിവെച്ചിട്ടു. വളരെ വിലകൂടിയ വിമാനങ്ങൾ. ഞാൻ അവരുമായി ഫോണിൽ സംസാരിച്ചു, എനിക്ക് അവരെ രണ്ടുപേരെയും നന്നായി അറിയുമായിരുന്നു. പ്രധാനമന്ത്രി മോദിയെ എനിക്ക് നന്നായി അറിയാമായിരുന്നു. ഞാൻ അദ്ദേഹത്ത വിളിച്ചു, നിങ്ങൾ ഇത് പരിഹരിച്ചില്ലെങ്കിൽ, ഞാൻ നിങ്ങളുമായി വ്യാപാരക്കരാറുകളിൽ ഏർപ്പെടില്ല എന്ന് പറഞ്ഞു. അതോടെ പ്രശ്നപരിഹാരമായി,” ട്രംപ് പറഞ്ഞു. അതിർത്തിയിലെ പിരിമുറുക്കം അധികരിച്ച നിർണായക ഘട്ടത്തിൽ ഇടപെട്ട് രണ്ടരക്കോടി ജീവൻ രക്ഷിച്ചു എന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് തന്നെ പരസ്യമായി പ്രശംസിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.






