Lead NewsNEWS

അമ്മ മകനെ പീഡിപ്പിച്ച സംഭവം; നടപടി ക്രമങ്ങള്‍ പാലിച്ചല്ല പൊലീസ് കേസെടുത്തതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

ടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പറഞ്ഞു. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത് പൊലീസിന് റിപോര്‍ട് നല്‍കുകയോ ചെയ്തിട്ടില്ലന്ന് ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ പറഞ്ഞു.

നേരത്തെ അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയ കുട്ടി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യം മൂലം കേസില്‍ കുടുക്കിയതാണെന്നാണ് യുവതി പറഞ്ഞത്.

നിയമപരമായി വിവാഹമോചനം നേടാതെയാണ് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം തന്നെ ഭര്‍ത്താവ് പീഡിപ്പിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് യുവതി മാറിത്താമസിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

കുട്ടികളേയും ഭര്‍ത്താവ് കൊണ്ടുപോയിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള കുട്ടിയാണ് യുവതിയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നത്. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പീഡനപരാതിയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.

അമ്മയെ അറസ്റ്റ് ചെയ്തത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യപ്രകാരം കുട്ടിയെ കൗണ്‍സിലിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ശുപാര്‍ശകളോ നിഗമനങ്ങളോ ഇല്ലാതെ റിപോര്‍ട് നല്‍കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ ദിവസങ്ങളോളം ഒറ്റക്ക് മാറ്റിനിര്‍ത്തി വേണം കൗണ്‍സിലിംഗ് നടത്താന്‍ എന്നാണ് നിയമം. ഇത് പാലിക്കാത്തതിനാല്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ടിനും സാധുതയില്ല.

Back to top button
error: