മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് 10 നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അടിയന്തര പരിശോധന നടത്താന്‍ ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിട്ടു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലെ നവജാത ശശിക്കുളെ പ്രവേശിപ്പിച്ച എസ്.എന്‍.സി.യുവില്‍ തീപിടിത്തമുണ്ടായത്. ഒരു ദിവസം മുതല്‍ മൂന്നു മാസം വരെ പ്രായമുള്ള 17 കുട്ടികളാണ് എസ്.എന്‍.സി.യുവില്‍ ഉണ്ടായിരുന്നത്. എസ്.എന്‍.സി.യുവില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നഴ്‌സുമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏഴു കുട്ടികളെ രക്ഷപ്പെടുത്തി.
നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചിരുന്നു. നിര്‍ഭാഗ്യകരവും അങ്ങേയറ്റം ദാരുണവുമായ സംഭവമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.