LIFETRENDING

സിയോൺ നാഷണൽ പാർക്ക്-സഞ്ചാരം ഭാഗം 5 -അനു കാമ്പുറത്ത്

കൊറോണ വന്നത് കൊണ്ട് ആകെ കിട്ടിയ ഗുണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ പോയാൽ മതി ബാക്കി എല്ലാ ദിവസവും വർക്ക് ഫ്രം ഹോം. ട്രിപ്പിന് പോകുന്നതിന്റെ അന്ന് വർക്ക് ഫ്രം ഹോം എടുത്തു. മീറ്റിംഗ് ഒരു സൈഡിൽ കൂടെ നടക്കുന്നു, ഞാൻ അടുക്കളയിലെ പണിയും, ക്ലീനിങ്ങും, അവസാന നിമിഷ പാക്കിങ്ങും, ഫുൾ ജഗപൊക. അപ്പൊ അതാ ആരോ എന്റെ പേര് വിളിക്കുന്നു, സോറി മൈക്ക് മ്യുട്ടിലായിരുന്നു എന്ന സ്ഥിര പല്ലവി വച്ച് കാച്ചി എന്തൊക്കെയോ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു.
ഡെസ്ക്‌ടോപ്പിൽ ട്രിപ്പ് ഡോക്യുമെന്റ് പ്രിന്റ് ഔട്ട് എടുക്കാൻ തുറന്നു, വെറുതെ ഒന്ന് കണ്ണോടിച്ചു, അതാ സിയോൺ നാഷണൽ പാർക്കിന്റെ ഷട്ടിൽ ബസ്സ് ബുക്ക് ചെയ്തിട്ടില്ല. എപ്പോഴും അവസാനം എന്തെങ്കിലും മറക്കും എത്ര പ്ലാൻ ചെയ്താലും.

മറ്റു നാഷണൽ പാർക്കുകളിൽ നിന്ന് വ്യത്യസ്തമായി പ്രൈവറ്റ് വണ്ടികൾ പാർക്കിൽ കടത്തി വിടില്ല, ഷട്ടിൽ എടുത്തു മാത്രമേ പോകാൻ പറ്റുകയുള്ളു. അതും പകുതി കപ്പാസിറ്റി വച്ചാണ് ഇപ്പോ ബസ്സ് ഓടുന്നത്. എല്ലാ മാസത്തിന്റെ ആദ്യം 1 – 2 ദിവസം അഡ്വാൻസ്ഡ് ബുക്കിംഗ് ചെയാം, അത് കഴിഞ്ഞാൽ പിന്നെ തലേ ദിവസം രാവിലെ 9 മണിക് മാത്രമേ ബുക്കിംഗ് സൈറ്റ് ഓപ്പൺ ആവുള്ളു, അതും ഉറപ്പില്ല.


ഞങ്ങളുടെ 11 ദിവസത്തെ ട്രിപ്പിൾ 3 ദിവസം ഈ പാർക്ക് ആണ് പ്ലാൻ. എനിക്കു ടെൻഷൻ തുടങ്ങി, വെറുതെ ടെൻഷൻ അടിക്കുക എന്നത് പണ്ടേ ഉള്ള ഒരു വീക്നെസ് ആണ്.


സിയോൺ നാഷണൽ പാർക്ക് ആണ് യുട്ടായിൽ ഏറ്റവും തിരക്കുള്ളതും പ്രശസ്തവുമായ പാർക്ക്. ടിക്കറ്റ് എടുക്കാൻ മറന്നു പോയ കാര്യം ഇടക്കിടെ ഞാൻ ഓർത്തു കൊണ്ടിരുന്നു.

താമസിക്കുന്ന ഹോട്ടൽ വിട്ടു കഴിഞ്ഞാൽ മിക്ക സ്ഥലങ്ങളിലും നെറ്റ്‌വർക്ക് ഉണ്ടാവില്ല. ഞങ്ങൾ അതുകൊണ്ടു ഹോട്ടലിൽ തന്നെ ഇരുന്നു. രാവിലെ 8 മണി മുതൽ സൈറ്റ് തുറന്നു ക്രെഡിറ്റ് കാർഡൊക്കെ റെഡിയാക്കി കാത്തിരുന്നു, താങ്ക്സ് ഗിവിങ്ങിങ്ങിന്റെ സമയത്തു ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് തുറക്കാൻ കാത്തിരിക്കുന്ന പോലെ. കിട്ടിയാൽ കിട്ടി പോയാൽ പോയി. സൈറ്റ് ഓപ്പൺ ആയതും ബുക്ക് ചെയ്തു.

പൊതുവെ നേരത്തെ തന്നെ യാത്ര തുടങ്ങുന്ന ഞങ്ങൾ മൂന്ന് ദിവസവും 9 മണി വരെ ബുക്ക് ചെയാൻ കാത്തിരിക്കേണ്ടി വന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ശുഭം.
സമീപ വർഷങ്ങളിൽ “കാണേണ്ട” യുഎസ് ദേശീയ പാർക്കുകളിൽ ഒന്നായി സിയോൺ നാഷണൽ പാർക്ക് മാറി, ഇപ്പോൾ 2019 ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നാലാമത്തെ സ്ഥലമാണിത് .

സീയോന്റെ നാടകീയമായ പ്രകൃതിദൃശ്യങ്ങൾ, മലകയറ്റം, മലയിടുക്ക്, ഹൈക്കിങ് എന്നിവ അനുഭവിക്കാനും ആസ്വദിക്കാനും ലോകമെമ്പാടുമുള്ള ആളുകൾ വരുന്നു. വിശാലമായ ആകാശവുമായി കൂടിച്ചേരുന്നതായി തോന്നുന്ന കൂറ്റൻ മലയിടുക്കുകൾ സീയോനിൽ ഉണ്ട്. പിങ്ക്, ചുവപ്പ്, ക്രീം നിറങ്ങൾ മണൽക്കല്ലിന്റെ ചുവരുകളിൽ ഓയിൽ പെയിന്റുകൾ കാൻ‌വാസിൽ പുരട്ടിയ പോലെ.

ഈ വർണങ്ങൾക്കു മാറ്റുകൂട്ടാനെന്ന പോലെ സീയോണിലെ ശരത്കാലം മഞ്ഞ പൊലിമയുടെ ഒരു പൂത്തോട്ടം തന്നെ ഞങ്ങൾക്കു സമ്മാനിച്ചു.
സിയോണിൽ പാർക്കിംഗ് ഒരു കിട്ടാ കനിയാണ്. അതിർത്തിക്കുള്ളിൽ പരിമിതമായ പാർക്കിംഗ് ഉണ്ട്. എന്നാൽ സാധാരണ ഷട്ടിൽ സേവനത്തിന്റെ സഹായത്തോടെ, പാർക്കിൽ സഞ്ചരിക്കുന്നത് ബുദ്ധിമുട്ടല്ല.

സിയോൺ നാഷണൽ പാർക്കിലെ ഏറ്റവും ജനപ്രിയമായ ഹൈക്കു ആണ് “The Narrows”. ലോകത്തിലെ ഏറ്റവും മികച്ച സ്ലോട്ട് കാന്യോൻ ഹൈക് – സിയോണിന്റെ മുഖമുദ്ര. തുടക്കക്കാർക്കും ഇന്റർമീഡിയറ്റ് കാൽനടയാത്രക്കാർക്കും ഇത് തികച്ചും വെല്ലുവിളി നിറഞ്ഞ സാഹസികതയാണ്. പരിചയസമ്പന്നരായ ഹൈക്കേഴ്സിന് കുതിച്ചുയരുന്ന മണൽക്കല്ലുകളുടെ മതിലുകളും, ഒരു സമയം മൈലുകൾ നദിയിൽ നടക്കാനുള്ള പുതുമയും കൊണ്ട് ആശ്ചര്യപ്പെടും.

വിർജിൻ നദിയിലൂടെ ഹൈക് ചെയുന്ന ആ എക്സ്പെരിയൻസ് അനുഭവിച്ചറിയാൻ നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ചിലയിടങ്ങളിൽ വെള്ളം കഴുത്തോളം എത്തുമത്രേ. കുട്ടികളെയും കൊണ്ട് അത് ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നിയതിനാൽ ഒഴിവാക്കി.

കുറച്ചു എന്തെകിലും ബാക്കി വക്കണമല്ലോ അടുത്ത പ്രാവശ്യത്തേക്കു. അങ്ങനെ കുറച്ചു വിഷമത്തോടെ ആണെങ്കിൽ സിയോണിന്റെ ആ പരുക്കൻ മനോഹാരിത വേണ്ടുവോളം ആസ്വദിച്ചു ഒത്തിരി സന്തോഷത്തോടെ ഞങ്ങൾ മടങ്ങി.

https://www.instagram.com/adventurzwithanu/

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: