സംസ്ഥാനത്തെ പാർട്ടിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാലിനെ ഒഴിവാക്കി ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. 40 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചു.
സിനിമാതാരങ്ങളായ സുരേഷ് ഗോപി, സീരിയൽ താരം കൃഷ്ണകുമാർ എന്നിവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജേക്കബ് തോമസ്, ടി പി സെൻകുമാർ,സി വി ആനന്ദബോസ് എന്നിവരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേമത്ത് ഓ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ എന്ന പേരാണ് ഉള്ളത്. സുരേഷ് ഗോപിയെയും ഈ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ്,സി കൃഷ്ണകുമാർ,സന്ദീപ് വാര്യർ എന്നിവരെ ഉപയോഗിക്കാനാണ് തീരുമാനം.
തിരുവനന്തപുരം സെൻട്രലിൽ സീരിയൽ താരം കൃഷ്ണകുമാറിനെ നിയോഗിക്കാൻ ആലോചിക്കുന്നത്. വി വി രാജേഷിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ സാധ്യത നോക്കുന്നുണ്ട്. കെ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കും. കാട്ടാക്കടയിൽ കൃഷ്ണദാസ് ആണ് മത്സരിക്കുക.പാറശ്ശാലയിൽ കരമന ജയൻ വന്നേക്കും.ആറ്റിങ്ങലിൽ ബി എൽ സുധീർ ആണ് പരിഗണനയിൽ.രാജി പ്രസാദ് കുന്നത്തൂരിൽ മത്സരിച്ചേക്കും.ചാത്തന്നൂരിൽ ബി ബി ഗോപകുമാറിന്റെ പേരാണ് ഉള്ളത്.കരുനാഗപ്പള്ളിയിൽ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ,ചെങ്ങന്നൂരിൽ എം ടി രമേശ്,തൃപ്പൂണിത്തുറയിൽ പി ആർ ശിവശങ്കർ എന്നിവരെയും നിയോഗിക്കുമെന്നാണ് വിവരം.
സന്ദീപ് വാര്യരെ തൃശൂരിൽ ഉപയോഗിക്കാനുള്ള സാധ്യത. എ എൻ രാധാകൃഷ്ണൻ മണലൂരിൽ മത്സരിച്ചേക്കും. പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണ കുമാറിന്റെ പേരാണ് ഉള്ളത്. കെ ശ്രീകാന്ത് മഞ്ചേശ്വരത്ത് മത്സരിച്ചേക്കും. 40 മണ്ഡലങ്ങളുടെ പട്ടിക ബിജെപി ആദ്യം തന്നെ പുറത്തിറക്കും. ഈ മാസം തന്നെ അതുണ്ടാകും.