മലപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ 17 റയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതായി റയിൽവേ ഡിവിഷണൽ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിൽ തിരൂർ സ്റ്റേഷനും ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
തിരൂർ സ്റ്റേഷനിൽ യാത്രക്കാർക്ക് ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അംഗം വി കെ. ബീനാ കുമാരി ഡിവിഷണൽ റയിൽവേ മാനേജർക്ക് നിർദ്ദേശം നൽകിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് റയിൽവേ ഇക്കാര്യം അറിയിച്ചത്.
ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് ഘട്ടം ഘട്ടമായി ലിഫ്റ്റ് സ്ഥാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരൂർ സ്വദേശി വിഷ്ണു സുകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.