യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.
യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപിന്റെ അനുകൂലികള്‍ അക്രമം നടത്തിയതിന് ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.
അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് അക്രമം നടക്കുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന ട്രംപ് അനുകൂലികള്‍ അക്രമാസക്തരായി.
ക്യാപിറ്റോള്‍ മന്ദിരത്തിന് ഉള്ളില്‍ ഒരു സ്ത്രീയടക്കം 4 പേര് മരണപ്പെട്ടു.അഞ്ചു പേര് പരിക്കേറ്റ് ചികിത്സയിലാണ്. മന്ദിരത്തിനു സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നു. തുടര്‍ന്ന് ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികള്‍ ബാരിക്കേഡുകള്‍ തകര്‍ത്താണ് അകത്തു കയറിയത്.
പാര്‍ലമെന്റ് കവാടങ്ങള്‍ പോലീസ് അടച്ചുപൂട്ടിയെങ്കിലും ട്രമ്പ് അനുകൂലികള്‍ അതിനെ മറികടന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് ഇതിനെ വിശേഷിപ്പിച്ചത്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ പ്രതിഷേധക്കാരോട് സമാധാനം പാലിക്കാനും മടങ്ങി പോകാനും അഭ്യര്‍ത്ഥിച്ചു. പ്രതിഷേധ സ്വരങ്ങളെ മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന നേരത്തെ വൈസ് പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരം അണികള്‍ ആക്രമിച്ചതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളാണ് പാര്‍ലമെന്റ് മന്ദിരം ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് സൂചന.
മൂന്നു ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ ട്രമ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്തില്ലെങ്കില്‍ വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 24 മണിക്കൂറാണ് ഫേസ്ബുക്ക് വിലക്ക്. തന്റെ അനുകൂലികളെ അഭിസംബോധന ചെയ്യുന്ന ട്രമ്പിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. യൂട്യൂബും ഈ വീഡിയോ നീക്കം ചെയ്തു. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ വേണ്ടി ജനപ്രതിനിധി സഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്. വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.