നയതന്ത്ര പായ്ക്കറ്റിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരെ എൻ ഐ എ മാപ്പുസാക്ഷിയാക്കിരുന്നു. എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കിയ വിവരം വെളിപ്പെടുത്തുന്നത്. ഒന്നാംപ്രതി പി എസ് സരിത്ത്, രണ്ടാംപ്രതി സ്വപ്ന സുരേഷ് എന്നിവർ അടക്കം 20 പേർക്കെതിരെയാണ് യുഎപിഎ ചുമത്തിയുള്ള കുറ്റപത്രം.
സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചതിലൂടെ എൻ ഐ എ നടത്തിയത് തന്ത്രപരമായ നീക്കം ആണെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തിനെ കുറിച്ച് എല്ലാം അറിയുന്ന ആളാണ് സന്ദീപ് നായർ. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയതിലൂടെ കോടതിയിൽ കേസിന് ബലം നൽകാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിനുപിന്നാലെ സ്വപ്ന സുരേഷ് ഒളിവിൽ പോയിരുന്നു. അന്ന് സ്വപ്നയുടെ ഒപ്പമുണ്ടായിരുന്നത് സന്ദീപ് നായരാണ്. ബംഗളുരുവിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. കേസിലെ നാലാം പ്രതിയായിരുന്നു സന്ദീപ് നായർ.
സ്വർണക്കടത്തിലെ പ്രധാന കണ്ണികൾ സ്വപ്നസുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരായിരുന്നു. ഇവരിൽ നിന്ന് ഒരാളെ എൻഐഎക്ക് അടർത്തിയെടുക്കാൻ കഴിഞ്ഞു. കേസിൽ സന്ദീപ് നായരുടെ മൊഴി നിർണായകമാണ്. ഒളിവിൽ കഴിയവേ സ്വപ്നസുരേഷ് ആരൊക്കെ ആയി ബന്ധപ്പെട്ടു എന്നത് വ്യക്തമായി സന്ദീപ് നായരിന് അറിയാം. കേസിൽ 33 പ്രതികളാണുള്ളത്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത് 21 പേരെയാണ്.