ഒരു നിമിഷം കൊണ്ടാണ് ട്രോളന്മാരുടെ പ്രീയപ്പെട്ട ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍ വാര്‍ത്തകളിലെ താരമായത്. നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് അവരുടെ അച്ചനും അമ്മയും ഉറങ്ങുന്ന മണ്ണ്് അയല്‍ക്കാരി വസന്തയില്‍ നിന്നും വില കൊടുത്ത് വാങ്ങിയാണ് ബോബി ചെമ്മണ്ണൂര്‍ ഏവര്‍ക്കും പ്രിയങ്കരനായത്.
ഇന്നലെ രാവിലെയാണ് വസന്തയുടെ പേരിലുള്ള 4 സെന്റ് സ്ഥലം ബോബി ചെമ്മണ്ണൂര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയത്. വൈകുന്നേരം സ്ഥലത്തിന്റെ രേഖ രാജന്റെ മക്കള്‍ക്ക് കൈമാറുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം രേഖ കൈമാറാനെത്തിയ ബോബിയോട് കുട്ടികളിലൊരാള്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. തങ്ങളാണ് ഈ ഭൂമിയുടെ അവകാശികളെന്ന് രേഖ നല്‍കേണ്ടത് സര്‍ക്കാരാണെന്നാണ് രാജന്റെ മക്കളുടെ ആവശ്യം. ബോബി ചെമ്മണ്ണൂരിന്റെ സത്പ്രവര്‍ത്തിക്ക് നന്ദിയുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു
സത്യത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ പ്രവര്‍ത്തിയുടെ പിന്നിലെ നന്മ മാനിച്ചുകൊണ്ട് തന്നെ ചോദിക്കട്ടേ, 100 രൂപ പത്രത്തില്‍ എഴുതുന്ന കരാറിന് പോലും സാധുത വണെമെങ്കില്‍ അത് ഔദ്യോഗികമായി രജിസ്‌ട്രേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം അതിന്റെ നിയമസാധ്യത നിലനില്‍ക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂരിനും അറിവുള്ളതാണ്.
വസന്തയുടെ കൈയ്യില്‍ നിന്നും വാങ്ങിയെന്ന് പറയപ്പെടുന്ന ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലെങ്കില്‍ അതെങ്ങനെ കുട്ടികള്‍ക്ക് തങ്ങളുടെ ഭൂമിയെന്ന് നിലയില്‍ നല്‍കാനാവും.? നിലവിലെ സാഹചര്യത്തില്‍ ഭൂമി കുട്ടികള്‍ക്ക് നല്‍കാം എന്ന് വസന്ത ഒപ്പിട്ടു നല്‍കുന്ന ഒരു കരാറായി മാത്രം അത് നിലനില്‍ക്കും. ഏറ്റവും മര്‍മ്മ പ്രധാനമായ ചോദ്യം പിന്നെയും അവശേഷിക്കുകയാണ്. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ ഭൂമി എങ്ങനെയാണ് ക്രയവിക്രയം ചെയ്യാനാവുക.? പ്രശസ്ത അഭിഭാഷകന്‍ അജയകുമാര്‍ ഇന്നലെ പ്രസ്തുത വിഷയത്തില്‍ പറഞ്ഞൊരു കമന്റും ശ്രദ്ധേയമാണ്, ബോബി കുട്ടികള്‍ക്ക് നല്‍കിയ കരാറിന് കോടതിയില്‍ പോയാലും നിയമസാധ്യതയില്ല. നിയമപരമായി വസന്തയുടെ ഭൂമിയല്ലെന്നും പിന്നെങ്ങനെയാണ് ബോബി ചെമ്മണ്ണൂരിന് അത് വാങ്ങാന്‍ കഴിയുകയെന്നും രാജന്റെ മകന്‍ രഞ്ജിത്ത് ചോദിക്കുന്നു
വസന്തയില്‍ നിന്നും വാങ്ങിയ സ്ഥലത്ത് കുട്ടികള്‍ക്ക് പുതിയ വീട് വെച്ച് നല്‍കുമെന്നും അതുവരെ കുട്ടികളെ തൃശ്ശൂരിലേക്ക് കൊണ്ടുപോകുമെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അച്ചനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ തന്നെ വീട് വെച്ച് താമസിക്കുവാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. കേസിനാസ്പദമായ ഭൂമി വസന്തയുടെ പേരില്‍ തന്നെയാണോയെന്ന് പരിശോധിക്കാന്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. ഇതിനിടയിലാണ് ബോബി ചെമ്മണ്ണൂര്‍ വസന്തയുടേതെന്ന് അവകാശപ്പെടുന്ന ഭൂമി കുട്ടികള്‍ക്ക് വേണ്ടി പണം നല്‍കി വാങ്ങിയത്. കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ 5 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതൊടൊപ്പം ധാരാളം സുമനസുകളും കുട്ടികള്‍ക്ക് സഹായവുമായി എത്തിയിരുന്നു.
തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. രാജന്റെയും അമ്പിളിയുടേയും മരണത്തിനിടയാക്കിയ പരാതിക്കാരി വസന്തയ്ക്ക് ഭൂമിയില്‍ യാതൊരുവിധ അവകാശവുമില്ലെന്നാണ് വിവരാവകാശ രേഖയില്‍ നിന്നും അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ കോളനികളില്‍ ഒരാള്‍ക്ക് 12 സെന്റ് ഭൂമി നിയമപരമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നിരിക്കെ വസന്തയ്ക്ക് എങ്ങനെ ഇത്രയും ഭൂമി കിട്ടിയെന്ന കാര്യം വലിയ ചോദ്യമായി അവശേഷിക്കുകയാണ്.
അതിയന്നൂര്‍ വില്ലേജിലെ 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ ഭൂമി തന്റേതാണെന്ന് വസന്ത അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വിവരാവകാശ രേഖയില്‍ ഈ ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരിലാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. കോളനികളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കുമ്പോള്‍ 2 സെന്റ്, 3സെന്റ്, 4 സെന്റ് എന്നിങ്ങനെ വീതമാണ് നല്‍കുന്നത്. പിന്നെങ്ങെ വസന്തയ്ക്ക് 12 സെന്റ് ഭൂമി കിട്ടി.? ഇങ്ങനെ കിട്ടുന്ന വസ്തുക്കള്‍ നിശ്ചിത വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യപ്പെടരുതെന്നും നിയമമുണ്ട്. വസന്തയുടെ പട്ടയം വ്യാജമാണോ എന്ന് പരിശോധിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.