പുതുവർഷാരംഭത്തിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ ആയേക്കുമെന്ന സൂചന നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോക്ടർ വി ജി സോമനി. ” സന്തോഷം നിറഞ്ഞ പുതുവർഷം ആകും.നമ്മുടെ കയ്യിൽ ചിലതുണ്ടാകും “ഡ്രഗ്സ് കൺട്രോളർ പറഞ്ഞു. വിദഗ്ധസമിതിയുടെ അടിയന്തര യോഗത്തിന് മുന്നോടിയായാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇക്കാര്യം പറഞ്ഞത്.
രണ്ടു പ്രധാനപ്പെട്ട കോവിഡ് വാക്സിനുകളുടെ കാര്യക്ഷമത പരിശോധിക്കുകയാണ് ഇപ്പോൾ ഡ്രഗ്സ് കൺട്രോളർ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെകുമാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക യോഗം ജനുവരി ഒന്നിന് നടക്കും.
വാക്സിനുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് ഒരു യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ അമേരിക്കൻ കമ്പനി ഫൈസർ സമയം കൂടുതൽ ചോദിച്ചു.