കോളം മാറി വോട്ട് ചെയ്ത് ലീഗ് വനിതാ കൗൺസിലർമാർ, അസാധു വോട്ട് ചെയ്ത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അടക്കമുള്ളവർ, ബിജെപി നേതാവിന്റെ ഭാര്യ ബാലറ്റ് വാങ്ങിയില്ല, കാഞ്ഞങ്ങാട് നഗരസഭയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്
കാസർകോട് കാഞ്ഞങ്ങാട് നഗരസഭയിൽ എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാത ടീച്ചർക്ക് രണ്ട് വോട്ട് അധികം ലഭിച്ചത് ലീഗിൽ നിന്ന്. ലീഗ് വനിതാ കൗൺസിലർമാർ കോളം മാറി വോട്ട് ചെയ്യുകയായിരുന്നു.
24 വോട്ട് ലഭിക്കേണ്ട എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർഥി കെ വി സുജാത ടീച്ചർക്ക് 26 വോട്ട് കിട്ടി. സുജാത ടീച്ചർ ചെയർപേഴ്സൺ ആവുകയും ചെയ്തു. ലീഗ് കൗൺസിലർമാരായ അസ്മാ മങ്കോൽ, ഹസീന റസാക്ക് എന്നിവരാണ് കോളം മാറി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്.മറ്റൊരു ലീഗ് കൗൺസിലറായ എച്ച് സുബൈദയുടെ വോട്ട് ആകട്ടെ അസാധുവായി. 13 വോട്ട് ലഭിക്കേണ്ടതിന് പകരം യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി മുസ്ലിംലീഗിലെ സികെ സുമയ്യയ്ക്ക് ലഭിച്ചത് 10 വോട്ട് മാത്രം.
6 വോട്ട് ലഭിക്കേണ്ടിയിരുന്ന ബിജെപി ചെയർപേഴ്സൺ സ്ഥാനാർത്ഥി കുന്നുമ്മ ഹെഗ്ഡെയ്ക്ക് ലഭിച്ചത് 3 വോട്ട് മാത്രം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബൽരാജ്, കെ അശോക് കുമാർ എന്നിവരുടെ വോട്ട് അസാധുവായി ബാൽരാജിന്റെ ഭാര്യ വന്ദന ബാലറ്റ് വാങ്ങിയതും ഇല്ല.ഇവർ ബിജെപി സ്വതന്ത്രയായാണ് മത്സരിച്ചത്.