സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് സഭാ പ്രതിനിധികള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. സഭാ പ്രതിനിധികളുമായി അരമണിക്കൂര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
വിധിക്ക് പുറത്ത് മറ്റ് വഴി തേടുന്നതും അതിന് വേണ്ടി ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതും തെറ്റാണെന്നും സഭാ പ്രതിനിധികള്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാണമെന്ന സഭ നിലപാട്, പ്രതിനിധികള്‍ പ്രധാനമന്ത്രിക്ക് എഴുതി നല്‍കി.
വിവിധ ക്രിസ്ത്യന്‍ സഭകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു ഓര്‍ത്തഡോക്‌സ് പ്രതിനിധികളുമായുള്ള ചര്‍ച്ച. ഓര്‍ത്തഡോക്‌സ് – യാക്കോബായ അനുരഞ്ജനത്തിന് മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ മധ്യസ്ഥതയില്‍ മോദി സമവായസാധ്യത തേടുകയാണ്.
സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അഭ്യര്‍ത്ഥിച്ചതായി സഭാ പ്രതിനിധികള്‍ പറഞ്ഞു. അയോധ്യ വിധി അംഗീകരിച്ച വഖഫ് ബോര്‍ഡ് ശിലാസ്ഥാപന ചടങ്ങുകള്‍ പങ്കെടുത്തത് സൂചിപ്പിച്ച് സുപ്രീംകോടതി വിധിയെ യാക്കോബായ സഭ മാനിക്കണമെന്നും സഭാ പ്രതിനിധികള്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
നാളെ പ്രധാനമന്ത്രി യാക്കോബായ സഭ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം ബിജെപിയുടേത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അടുത്തയാഴ്ച കത്തോലിക്കാസഭാ പ്രതിനിധികളെയും പ്രധാനമന്ത്രി കാണുന്നുണ്ട്.
വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് മധ്യകേരളത്തിലെ നീറുന്ന പ്രശ്‌നമായ സഭാതര്‍ക്കത്തില്‍ ഒരു സമവായമുണ്ടാക്കിയാല്‍ അത് തെരഞ്ഞെടുപ്പിലും നേട്ടമാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെത്തന്നെ നേരിട്ട് കളത്തിലിറക്കി പി എസ് ശ്രീധരന്‍ പിള്ളയെ മധ്യസ്ഥനാക്കി ബിജെപി മുന്നോട്ടുനീങ്ങുന്നത്.