കേരളക്കരയെ ഇളക്കി മറിച്ച സംഭവമായിരുന്നു സിസ്റ്റര്‍ അഭയയുടെ കൊലപാതകം. കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്ന പേരില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച കേസ് പിന്നീട് സിബിഐ സംഘം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികളായ തോമസ് കോട്ടൂരിനും സെഫിക്കും ജീവപര്യന്തം ശിക്ഷ നേടിക്കൊടുക്കുകയും ചെയ്ത നാള്‍വഴികളിലൂടെയാണ് കേരളം കടന്നു പോവുന്നത്.
ഏറെ വിവാദമായ അഭയകേസിനെ ആസ്പദമാക്കി എ.കെ.സാജന്റെയും എ.കെ സന്തോഷിന്റെയും തിരക്കഥയില്‍ 1999 ല്‍ കെ.മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ക്രൈം ഫയല്‍. അഭയ കേസിനെ മുന്‍നിര്‍ത്തി തയ്യാറാക്കിയെന്ന പേരില്‍ തന്നെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഈശോ പണിക്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു സിസ്റ്റര്‍ അമലയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന ഈശോ പണിക്കര്‍ എന്ന ഐ.പി.എസ് ഓഫീസറുടേത്. സുരേഷ് ഗോപിക്കൊപ്പം സിദ്ധിഖ്, കലാഭവന്‍ മണി, വിജയരാഘവന്‍, ജനാര്‍ദ്ധനന്‍, സംഗീത തുടങ്ങിയ താരങ്ങളും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയിരുന്നു.
സിസ്റ്റര്‍ അഭയക്കേസിന്റെ വിധി വന്ന പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്ന വാര്‍ത്ത ക്രൈം ഫയല്‍ എന്ന ചിത്രത്തിലെ നായക കഥാപാത്രമായ ഈശോ പണിക്കരെ വീണ്ടും സംവിധായകന്‍ അരങ്ങിലെത്തിക്കുന്നുവെന്നതാണ്. മറ്റൊരു പുതിയ കേസുമായിട്ടാവും ഈശോ പണിക്കരും സംഘവും എത്തുക. ചിത്രത്തെപ്പറ്റിയുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ചിത്രത്തില്‍ ഈശോ പണിക്കരെന്ന കഥാപാത്രമായി സുരേഷ് ഗോപി തന്നെ എത്തുമെന്നും ഇതിനായി അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സംവിധായകന്‍ കെ.മധു പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയെപ്പറ്റിയുള്ള ചര്‍ച്ചകളും തിരക്കഥാകൃത്ത് എ.കെ സാജനുമായി സംവിധായകന്‍ ആരംഭിച്ചു. കുശാഗ്രബുദ്ധിക്കാരനായ സിബിഐ ഓഫിസര്‍ സേതുരാമയ്യരുടെ അഞ്ചാംഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു തന്നെയാണ് സിബിഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്.