Lead NewsNEWS

യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ പെരിന്തല്‍മണ്ണ സ്വദേശികള്‍

യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് ഇടപ്പള്ളി ലുലു ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.

ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് ഷോപ്പിങ് മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു.എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു.

അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും, ഈ അഭിഭാഷകൻ്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്.

സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.

കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയത്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.

മാളിലെ പ്രവേശന കവാടത്തില്‍ ഇവര്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ പോയതാണ് കേസില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്. പ്രതികളിലേക്കെത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇതോടെ പോലീസിന്റെ മുന്നില്‍ അടയുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നുറപ്പില്ലാത്ത സാഹചര്യത്തിലാണ് പുറത്ത് വിടാതിരുന്നത്.

Back to top button
error: