പാലാ വിട്ട് കൊടുക്കുന്ന പ്രശ്‌നമില്ല: മാണി. സി. കാപ്പന്‍

പാലാ സീറ്റ് വീട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് എന്‍.സി.പി നേതാവ് മാണി.സി.കാപ്പന്‍. ഇടത് മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ലഭിക്കാന്‍ കാരണമായത്. അതിനാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. തന്റെ എതിര്‍പ്പുകള്‍ മുന്നണിയില്‍ പറഞ്ഞ് പോകാന്‍ തന്നെയാണ് തീരുമാനം. ഇടത് പക്ഷത്തുളള രണ്ടുപേരും എങ്ങനെയാണ് ഒരു സീറ്റില്‍ മത്സരിക്കുകയെന്നും എന്‍.സി.പി പാലാ നിയോജക മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു.

കടനാട്,രാമപുരം,മൂന്നിലവ്,മേലുകാവ്, തലനാട്, തലപ്പുലം, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ എന്‍.സി.പിയ്ക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് കെ മാണിയ്ക്ക് ലഭിച്ചിട്ടില്ല. മുത്തോലി, കൊഴുവനാല്‍ എന്നിവിടങ്ങളില്‍ മാത്രമേ എന്‍.സി.പി നിയമസഭ തിരഞ്ഞെടുപ്പില്‍ പിറകിലായിരുന്നുളളൂ. എന്‍സിപിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു.

ചില പഞ്ചായത്തുകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. ഏഴ് സീറ്റ് വീതം എന്‍.സി.പിയ്ക്കും സി.പി.എമ്മിനുമുണ്ടായിരുന്ന കടനാട് ഇപ്പോള്‍ അഞ്ച് സീറ്റ് കോണ്‍ഗ്രസ് ജയിച്ചു. പാര്‍ട്ടി യുഡിഎഫിനോട് അടുക്കുന്നു എന്ന ആരോപണം തെറ്റാണെന്നും തോമസ് ചാണ്ടി അനുസ്മരണത്തിനാണ് ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചതെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു. എം.എം ഹസനുമായി ഇക്കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

മത്സരിക്കും എന്ന് പറയാനുളള സ്വാതന്ത്ര്യം എന്‍.സി.പിയ്ക്കുണ്ട്. പാലായില്‍ ഞങ്ങളോട് ചെയ്തത് അനീതിയാണെന്ന് ഉറപ്പിച്ച് പറയും. എന്‍.സി.പി നേരിട്ട് മത്സരിച്ചാല്‍ ജയിക്കാനാകും. കേരളകോണ്‍ഗ്രസ് വന്നതോടെ എല്‍.ഡി.എഫിന് ഊര്‍ജ്ജം മറ്റ് മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടാകാം എന്നാല്‍ പാലായില്‍ അതില്ലെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *