NEWS

കൊലവിളിയിൽ നിന്ന് ‘ഇങ്കിലാബ്’ വിളിയിലേയ്ക്ക്…

രാജ്യത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഇരുണ്ടദിനങ്ങളായിരുന്നു. സബര്‍മതി എക്‌സ്പ്രസിലെ ബോഗിയില്‍ തീ പിടിച്ച് 58 കര്‍സേവകര്‍ കൊല്ലപ്പെട്ടതോടെയാണ് കലാപത്തിനു തുടക്കമായത്. പുറത്തു നിന്നും തീയിട്ടതാണെന്നാരോപിച്ചായിരുന്നു മുസ്ലിങ്ങള്‍ക്കെതിരായ കലാപം ആരംഭിച്ചത്. 2002 ഫെബ്രുവരി 27 ന് ഗോധ്ര റെയില്‍വേസ്റ്റേഷന് സമീപത്ത് വെച്ച് ഒരു കൂട്ടമാളുകള്‍ സബര്‍മതി എക്പ്രസിന്റെ എസ്.6 കോച്ചിന് തീയിടുകയായിരുന്നു എന്നായിരുന്നു ആരോപണം.

ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 28 ന് ഗുജറാത്തില്‍ വിശ്വഹിന്ദു പരിഷത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയാണ് അരങ്ങേറിയത്. അഹമ്മദാബാദിലെ നരോദ പാട്യയില്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു. നിരവധി പേരെ കൊന്നൊടുക്കി. കോണ്‍ഗ്രസിന്റെ എം പിയായിരുന്ന ഇസ്ഹാന്‍ ജഫ്രി ഉള്‍പ്പെടയുളളവര്‍ വംശഹത്യയ്ക്കിരയായി.

Signature-ad

കാണാതായവരെ കാത്തിരിക്കുന്ന രക്ഷിതാക്കള്‍, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മക്കള്‍ എന്നിവരെല്ലാം ഇന്നും ഗുജറാത്തിന്റെ ആ ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. അന്ന് ഗുജറാത്ത് കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറിയത് രണ്ട് യുവാക്കളാണ് . അശോക് മോചി എന്ന ചെരുപ്പുകുത്തല്‍ തൊഴിലാളിയും കുത്തബ്ദീന്‍ അന്‍സാരിയെന്ന തയ്യല്‍ തൊഴിലാളിയും. ആയുധമേന്തി കൊലവിളി നടത്തുന്ന അശോക് മോചിയും സ്വന്തം ജീവനായി കൈകൂപ്പി കേഴുന്ന അന്‍സാരിയും ലോക മനസാക്ഷിയെ ഞെട്ടിച്ച പ്രതീകങ്ങളായി മാറി.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കലാപത്തെയും വംശീയഹത്യകളെയും തള്ളിപ്പറഞ്ഞ് അശോക് മത സൗഹാര്‍ദത്തിനായി മുന്നോട്ട് വന്നിരുന്നു. 2014ലാണ് ഇരുവരും സൗഹൃദ പാതയിലെത്തുന്നത്. സിപിഐ എം പ്രവര്‍ത്തകനായ കലീം സിദ്ദിഖിയാണ് അതിന് മുന്‍കൈ എടുത്തത്.

നേരത്തെ വടകരയില്‍ പി ജയരാജനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഇരുവരും കേരളത്തിലെത്തിയിരുന്നു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു മുസ്ലിം ഐക്യത്തിന്റെ നാടാകണമെന്നാണ് ആഗ്രഹമെന്നും അതിനായി ഒന്നിച്ച് നില്‍ക്കണമെന്നും അശോക് അന്ന് പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര്‍ പൈശാചികതയുടെ പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ട അശോക് മൊച്ചി ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയാണ്. വര്‍ഗീയതയുടെ പക്ഷത്തുനിന്ന് കമ്മ്യൂണിസ്റ്റ് പക്ഷത്ത് ചേര്‍ന്ന അശോക് മൊച്ചി നിരവധിയിടങ്ങളില്‍ സംഘപരിവാറിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ചെങ്കൊടിയേന്തിയാണ് ഇപ്പോള്‍ സ. അശോക് മൊച്ചി കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായിരിക്കുന്നത്.

അശോക് പര്‍മാര്‍, ചെരുപ്പുകുത്തുന്നത് തൊഴിലാക്കിയതോടെയാണ് അശോക് മോച്ചിയായത്. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടമായി. ഉണ്ടായിരുന്ന സഹോദരങ്ങള്‍ അവര്‍ക്ക് കുടുംബമായപ്പോള്‍ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് തെരുവിലായി ജീവിതം. അച്ഛന്‍ ചെയ്തിരുന്ന തൊഴില്‍ ഉപജീവനമാര്‍ഗമായി. അഹമ്മദാബാദിലെ ഡല്‍ഹി ദര്‍വാസയ്ക്ക് സമീപം ചെരിപ്പ് തുന്നി ജീവിതം മുന്നോട്ട് നീക്കി 2002 വംശീയഹത്യ നടന്നപ്പോള്‍ ആയുധമെടുത്തു. ഇന്ന് സിപിഐഎം കേരള ഘടകം നല്‍കിയ പണം ഉപയോഗിച്ച് സ്വന്തമായി ചെരിപ്പുകട. ഏകതാ ചപ്പല്‍ ഘര്‍’ എന്ന പേരിലാണ് നഗരത്തില്‍ മോച്ചി പുതിയ കട തുടങ്ങിയിരിക്കുന്നത്.

അശോക് മോച്ചി ഒരു സംഘടനയിലും അംഗമല്ലാതിരുന്നിട്ടും ഇരുമ്പു ദണ്ഡുമായി തെരുവിലിറങ്ങി. ഇപ്പോള്‍ ആരും അയാളെ സഹായിക്കാനില്ല. പ്രകോപനങ്ങളുമായി രക്തം തിളപ്പിച്ചര്‍ക്ക് അശോക് മോച്ചി ഇന്ന് അനഭിമതനാണ്. അന്ന് അവര്‍ക്ക് അയാള്‍ ഒരു ഉപകരണം മാത്രമായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ തെരുവിലുപേക്ഷിച്ച ഉപകരണം. സ്വന്തമെന്ന് പറയാന്‍ ആരുമില്ല. ഒന്നുമില്ല. അക്ഷരങ്ങള്‍ മാത്രമാണ് ആകെയുള്ള കൂട്ട്. കനത്ത ഏകാന്തതയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍

അശോക് മോച്ചി ഇരയാണോ, വേട്ടക്കാരനാണോ? ആ ചോദ്യത്തിന് വലിയ പ്രസക്തിയില്ല. നമ്മുടെ വ്യവസ്ഥയാണ് അയാളെ ഇങ്ങിനെയൊക്കെയാക്കിയത്. ഒടുവില്‍ അശോക് മോച്ചി അതിനെല്ലാം മുന്നില്‍ തോറ്റുപോയി. പക്ഷെ ആ തോല്‍വികള്‍ അയാളെ നല്ലൊരു മനുഷ്യനായി പരുവപ്പെടുത്തി. കാലം അയാളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നല്ലേ. കാത്തിരിക്കാം പുതിയ മാറ്റങ്ങള്‍ക്കായി.

Back to top button
error: