വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്നും വീണു മരിച്ച സംഭവം; ഫ്‌ളാറ്റുടമ ഒളിവില്‍, കേസില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമമെന്ന് കുമാരിയുടെ ഭര്‍ത്താവ്
കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി താഴെ വീണ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഫ്‌ളാറ്റുടമ ഒളിവിലെന്ന് പോലീസ്. മരിച്ച കുമാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അഭിഭാഷകന്‍ ഇംതിയാസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
ഇംതിയാസിനെ അന്വേഷിച്ച് രണ്ട് ദിവസം പോലീസ് എത്തിയിട്ടും ഇയാള്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ് സെക്യൂരിറ്റി നല്‍കുന്ന മറുപടി. പോലീസ് ഫോണില്‍ വിളിച്ചിട്ടും കിട്ടുന്നില്ല. അതേസമയം, അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങള്‍ പുറത്തുവന്നു.
അതേസമയം, കേസില്‍ ഫ്‌ളാറ്റുടമക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ രംഗത്തെത്തി. കേസുമായി മുന്നോട്ട് പോവരുതെന്ന് ഫ്‌ളാറ്റുടമ ആവശ്യപ്പെട്ടതായും പണം തരാമെന്ന് വാഗ്ദാനം ചെയ്തതായും ശ്രീനിവാസന്‍ പറഞ്ഞു. ഉടമയുടെ ബന്ധുക്കള്‍ വെള്ളപ്പേപ്പറില്‍ ഒപ്പുവെപ്പിച്ചതായും ശ്രീനിവാസന്‍ ആരോപിച്ചു.
ജോലിക്കാരിയുടെ ഭര്‍ത്താവും കുടുബാംഗങ്ങളുമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. കണ്ണിന് ശരിയായ രീതിയില്‍ കാഴ്ചയില്ലാത്ത ശ്രീനിവാസന്റെ പക്കല്‍ നിന്നും നിര്‍ബന്ധിച്ച് വെള്ളപപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഫ്‌ളാറ്റുടമയുടെ ബന്ധുക്കളും ഡ്രൈവറുമാണ് വന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായത്. കോവിഡ് പോസിറ്റീവാണെന്ന് ആരോപിച്ച് കുമാരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് വൈകിപ്പിക്കുകയാണ്. ഇംതിയാസിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് ബുദ്ധിമുട്ടിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
ഞായറാഴ്ചയാണ് ഫ്‌ളാറ്റില്‍ നിന്ന് ചാടിയ സേലം സ്വദേശി കുമാരി മരിച്ചത്.
ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ലാറ്റിന്റെ ആറാം നിലയിലെ ഇംതിയാസ് അഹമ്മദിന്റെ ഫ്‌ളാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി.
രാത്രി അടുക്കളയില്‍ ഉറങ്ങാന്‍ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഫ്‌ളാറ്റ് ഉടമ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ജോലിക്കാരി രക്ഷപ്പെടുന്നതിനായി സാരികള്‍ കൂട്ടിക്കെട്ടി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.