സന്തോഷിക്കുക,2021 ഒക്ടോബർ മാസം ആണത്രേ ഇന്ത്യ കാത്തിരിക്കുന്ന മാസം
ഇന്ത്യയിൽ കൊവിഡ് വാക്സിൻ ജനുവരിമുതൽ ലഭ്യമായി തുടങ്ങുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ അദാർ പൂനാവല്ല. ഈ മാസം അവസാനം സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കൊവിഡ് വാക്സിന്റെ വിതരണത്തിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദാർ പൂനാവല്ല പറഞ്ഞു.
” ഈ മാസം അവസാനത്തോടെ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഞങ്ങൾക്ക് ലൈസൻസ് ലഭിക്കും. വ്യാപകമായ ഉപയോഗത്തിനുള്ള ലൈസൻസ് താമസിയാതെതന്നെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2021 ജനുവരിയിൽ തന്നെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കി തുടങ്ങാമെന്നാണ് കരുതുന്നത്. “അദാർ പൂനാവല്ല ചൂണ്ടിക്കാട്ടി.
“20% ആവശ്യമായ വാക്സിൻ ഇന്ത്യയ്ക്ക് ലഭിച്ചാൽ ജനങ്ങൾക്ക് ആത്മവിശ്വാസം കൈവരും. അടുത്ത വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളോടെ ഇന്ത്യയിൽ സാധാരണ ജീവിതം പുനരാരംഭിക്കാൻ ആകും”അദാർ പൂനാവല്ല വ്യക്തമാക്കി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ പരിഗണക്കവെ കൂടുതൽ രേഖകൾ ഹാജരാക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ വിശദാംശങ്ങളാണ് വിദഗ്ധസമിതി തേടിയത്.
ജൂലൈ 2021 ഓടെ 30 കോടി മുതൽ 40 കോടി വരെ കൊവിഡ് വാക്സിൻ ഡോസുകൾ സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദാർ പൂനാവല്ല പറഞ്ഞു. ഓരോ ദിവസവും നിശ്ചിത സൈറ്റിൽ നൂറ് വീതം പേർക്ക് വാക്സിൻ നൽകാനാണ് സർക്കാരിന്റെ പദ്ധതി എന്നാണ് ഇപ്പോൾ വിവരം. ലഭ്യമാകുന്ന മുറക്ക് 100 എന്നുള്ളത് 200 ആകാനും സാധ്യതയുണ്ട്.