NEWS

നടി വി ജെ ചിത്രയുടേത് ആത്മഹത്യ തന്നെ, ഡിസംബർ 9ന് എന്താണ് സംഭവിച്ചത്?

ടി വി ജെ ചിത്രയുടേത് ആത്മഹത്യ തന്നെ എന്ന് പ്രാഥമിക മൃതദേഹ പരിശോധന റിപ്പോർട്ട്. മുഖത്ത് കണ്ട മുറിവുകൾ തൂങ്ങുമ്പോൾ ചിത്ര തന്നെ ഉണ്ടാക്കിയത് ആകാനാണ് സാധ്യത എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിൽപ്പോക്ക് മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം.

കരിയറിനെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് 28 കാരിയായ അഭിനേത്രി ആത്മഹത്യയെ വരിച്ചത്. ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണം എന്തെന്നാണ് ഇപ്പോൾ കുടുംബവും സുഹൃത്തുക്കളും അന്വേഷിക്കുന്നത്.

എന്താണ് ഡിസംബർ 9 ന് പുലർച്ചെ സംഭവിച്ചത്? ഷൂട്ട് കഴിഞ്ഞ് പുലർച്ചെ 2 30ഓട് കൂടിയാണ് ചിത്ര ഹോട്ടലിലെത്തിയത്. ഭാവി വരൻ ഹേമന്ദ് മുറിയിലുണ്ടായിരുന്നു. തനിക്ക് കുളിക്കണമെന്ന് ചിത്ര പറഞ്ഞു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ചിത്ര കുളികഴിഞ്ഞ് മടങ്ങി വന്നില്ല. വാതിൽ തുറക്കാൻ ഹേമന്ദ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഹോട്ടലിലെ സ്റ്റാഫിന് വിളിച്ച് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു.

ഹോട്ടൽ സ്റ്റാഫ് വിവരം പൊലീസിൽ അറിയിച്ചു. ചിത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപ്പോക്ക് മെഡിക്കൽ കോളേജിലേക്ക് പോലീസ് മാറ്റി.

ഒക്ടോബറിൽ തന്നെ ഹേമന്ദുമായി വിവാഹം ചിത്ര രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചിത്രയുടെ അമ്മ വിജയക്ക് പറയാനുള്ളത് ഇതാണ്, “ഡിസംബർ 8 ചൊവ്വാഴ്ച രാത്രി ഞാനവളോട് സംസാരിച്ചിരുന്നു. സാധാരണ പോലെ തന്നെയാണ് അവൾ എന്നോട് സംസാരിച്ചത്. ഒരു ഷോട്ട് കഴിയാൻ ഉണ്ടെന്ന് പറഞ്ഞു. വൈകുമോ എന്ന് ചോദിച്ചപ്പോൾ വൈകും എന്ന് പറഞ്ഞു. ഞാൻ പ്രമേഹത്തിനുള്ള മരുന്ന് കഴിച്ച് ഉറക്കത്തിലായി. പുലർച്ചെ ഹേമന്ദിന്റെ അച്ഛൻ വിളിച്ചാണ് ഈ വിവരങ്ങൾ പറഞ്ഞത്.”

ഹേമന്ദിനെ തനിക്ക് സംശയമുണ്ടെന്നും ചിത്രയുടെ അമ്മ പറയുന്നു. “എന്റെ മകളെ കൊന്നത് ഹേമന്ദ് ആണ്. അവനെ വെറുതെ വിടരുത്. ഇത് മറ്റാർക്കും സംഭവിച്ചുകൂടാ. അവൾ ആത്മഹത്യ ചെയ്യില്ല. ആരെങ്കിലും ആത്മഹത്യയെ കുറിച്ച് പറയുമ്പോൾ തിരിച്ചു ഉപദേശിക്കുക ആണ് പതിവ്. ധൈര്യമായി ഇരിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന പെൺകുട്ടിയാണ്. അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവളെ മർദ്ദിച്ചു കൊന്നതാണ്. സാധാരണ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ പോകാറുണ്ട്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്തതോടെ ഹേമന്ദ് ആണ് കാര്യങ്ങൾ നോക്കുന്നത്. ഷൂട്ട് വൈകുമ്പോൾ പോലും താൻ കൂടെ ഇരിക്കാറുണ്ടായിരുന്നു. .”ചിത്രയുടെ അമ്മ വിജയ പറയുന്നു.

ആരാണ് ഹേമന്ദ്? ചെന്നൈയിലെ ഒരു വ്യവസായിയാണ് ഹേമന്ദ്. ഓഗസ്റ്റിൽ ചിത്രയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. രണ്ടുമാസം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുടുംബാംഗങ്ങൾക്ക് വേണ്ടി പരമ്പരാഗതരീതിയിൽ ജനുവരിയിൽ ഒരു വിവാഹ ചടങ്ങ് കൂടി നടത്താനായിരുന്നു അവരുടെ പ്ലാൻ. തിങ്കളാഴ്ച ചിത്ര കല്യാണമണ്ഡപങ്ങൾ അന്വേഷിച്ചു പോയിരുന്നു.നസ്രത്ത്പേട്ടിലെ ഒരു മുന്തിയ ഹോട്ടലിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഷൂട്ട് വീട്ടിൽനിന്ന് അകലെ ആയതിനാലാണ് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്.

ചിത്ര കാമരാജ് എന്ന വി ജെ ചിത്ര തമിഴ് സീരിയൽ രംഗത്തെ അറിയപ്പെടുന്ന നടിയാണ്. 2013 മുതൽ ടിവി അവതാരകയായി ജോലി ചെയ്യുകയായിരുന്നു. മക്കൾ ടിവി, ജയ ടി വി എന്നീ ചാനലുകളിൽ ആയിരുന്നു ടിവി അവതാരകയായി ജോലിചെയ്തിരുന്നത്.

” ചിന്ന പാപ്പ പെരിയ പാപ്പാ “എന്ന കോമഡി പരിപാടിയിലൂടെയാണ് ചിത്ര പ്രശസ്തയായത്. സൺ ടിവി ആണ് ഈ ഷോ സംപ്രേഷണം ചെയ്തത്.

“ശരവണൻ മീനാക്ഷി “എന്ന വിജയ് ടിവി യിലെ സീരിയലിലൂടെ ചിത്ര പ്രേക്ഷകമനസ്സിൽ കുടിയേറി. ചെറുതെങ്കിലും നിർണായകമായ റോളായിരുന്നു അത്. വേലുനാച്ചി,ഡാർലിംഗ് ഡാർലിംഗ്,മന്നൻ മകൾ തുടങ്ങിയ ഷോകളിലും ചിത്ര പങ്കെടുത്തു. “ജോഡി ഫൺ അൺലിമിറ്റഡ്” എന്ന ഷോയിൽ ചിത്രയുടെ നൃത്തങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കുമരനുമൊന്നിച്ച് ചിത്ര ജോഡിയായി ഈ ഷോയിൽ ഒന്നാംസ്ഥാനത്തെത്തി.

” പാണ്ഡ്യൻ സ്റ്റോഴ്സ് “എന്ന സീരിയലിൽ ചിത്രയും കുമരനും വീണ്ടും ജോഡികളായി. ഈ സീരിയലിൽ മുല്ല എന്ന കഥാപാത്രത്തെയാണ് ചിത്ര അവതരിപ്പിച്ചത്. “പാണ്ഡ്യൻ സ്റ്റോഴ്സ്” ലെ മുല്ല എന്ന കഥാപാത്രം ചിത്രയെ സീരിയൽ രംഗത്ത് മുന്നിലെത്തിച്ചു. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു ചിത്ര.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: