നടി വിജെ ചിത്രയ്ക്ക് വിഷാദരോഗം, വിവാഹം രജിസ്റ്റർ ചെയ്തിരുന്നു, പ്രതിശ്രുതവരൻ ഹേമന്ദിന്റെ മൊഴി

ചെന്നൈയിലെ ഒരു ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സീരിയൽ നടിയും അവതാരകയുമായ വിജെ ചിത്രയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നതായി പ്രതിശ്രുതവരൻ ഹേമന്ദിന്റെ മൊഴി. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു എന്ന വെളിപ്പെടുത്തൽ ഹേമന്ദ് നടത്തി. ഈ ജനുവരിയിൽ എല്ലാവരെയും അറിയിച്ചു വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു.

ചിത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയ പശ്ചാത്തലത്തിലാണ് ഹേമന്ദിനെ ചോദ്യം ചെയ്തത്. നടിയുടെ മുഖത്ത് ചോരപ്പാടുകൾ ഉണ്ടായിരുന്നു. സീരിയൽ ഷൂട്ടിംഗിനായി നാലുദിവസം മുമ്പാണ് ചിത്ര ഹോട്ടൽ മുറിയെടുത്തത്. ബിസിനസുകാരനായ ഹേമന്ദ് ഒപ്പം താമസിച്ചിരുന്നു.

തമിഴ് സീരിയലിലെ ഏറ്റവും ജനപ്രിയയായ നടിമാരിലൊരാളാണ് ചിത്ര. ” പാണ്ഡ്യൻ സ്റ്റോഴ്സ് ” എന്ന സീരിയലിലെ മുല്ല എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തിരുന്നു. ഈ വി പി ഫിലിം സിറ്റിയിൽ ആണ് ഈ സീരിയലിന്റെ ഷൂട്ടിങ് നടക്കുന്നത്.

ഷൂട്ട് കഴിഞ്ഞു ചൊവ്വാഴ്ച രാത്രി ഒന്നരയോട് കൂടിയാണ് ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചുമണിയോടെ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിച്ചു റൂം തുറക്കുകയായിരുന്നു എന്നാണ് ഹേമന്ദിന്റെ മൊഴി.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് ചിത്രയെ കണ്ടെത്തിയതെന്നും ഹേമന്ദ് മൊഴി നൽകിയിട്ടുണ്ട്. ചിത്രയ്ക്ക് ലൊക്കേഷനിൽ മാനസിക സമ്മർദ്ദങ്ങൾ ഒന്നും അനുഭവപ്പെട്ടിരുന്നില്ല എന്ന് അണിയറ പ്രവർത്തകർ പറയുന്നു. മരണത്തിനു തൊട്ടു മുമ്പുവരെ സമൂഹമാധ്യമങ്ങളിൽ ചിത്ര ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *