NEWS

കർഷക സമരത്തിൽ മോഡി സർക്കാർ വിയർക്കുന്നു, ഡിസംബർ 14 മുതൽ രാജ്യവ്യാപക പ്രക്ഷോഭം

മോഡി സർക്കാരിനെ അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളിക്കുകയാണ് കർഷക പ്രക്ഷോഭത്തിന് ചൂട്. പരിഹാരമെന്നോണം സർക്കാർ നൽകിയ ഡ്രാഫ്റ്റ് കർഷകർ കീറിയെറിഞ്ഞു. ഡിസംബർ 14 മുതൽ ദേശവ്യാപക പ്രക്ഷോഭത്തിനാണ് കർഷകരുടെ ആഹ്വാനം. ഇന്നത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇനി എന്നാണ് ചർച്ച ഉണ്ടാവുക എന്ന കാര്യം പോലും വ്യക്തമല്ല.

സംയുക്ത കിസാൻ കമ്മിറ്റി ഇന്ന് യോഗം ചേർന്നാണ് കേന്ദ്രസർക്കാരിന്റെ ഡ്രാഫ്റ്റ് തള്ളാൻ തീരുമാനിച്ചത്. പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും സമര സംഘടനകൾ പറഞ്ഞു.

Signature-ad

ഉത്തരേന്ത്യയിൽ ഉള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരോട് ഡിസംബർ 14ന് ദില്ലി ചലോ മാർച്ചിന്റെ ഭാഗമാകാൻ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കർഷകർ അവരവരുടെ ജില്ലകളിൽ പ്രതിഷേധം നടത്തണം.

ഡിസംബർ 12ന് രാജ്യത്തെമ്പാടുമുള്ള ടോൾ പ്ലാസകൾ ടോൾ ഫ്രീ ആയി പ്രഖ്യാപിക്കും. ഡിസംബർ 12ന് ഡൽഹി- ജയ്പൂർ ഹൈവേയും ഡൽഹി – ആഗ്ര ഹൈവേയും കർഷകർ ഉപരോധിക്കും. ഡിസംബർ 14ന് ജില്ലാ ആസ്ഥാനങ്ങളും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസുകളും ഉപരോധിക്കും.

ഇപ്പോൾ സർക്കാർ അയച്ച നിർദ്ദേശങ്ങൾ കർഷകരെ അപമാനിക്കാൻ ഉള്ളതെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.പുതിയ പ്രൊപ്പോസൽ വന്നാൽ അപ്പോൾ നോക്കാം എന്നാണ് തീരുമാനം.

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ കുറിച്ച് പ്രൊപ്പോസലിൽ കേന്ദ്രസർക്കാർ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞത്.

Back to top button
error: