ശീമാട്ടിയിൽ സ്ത്രീകളുടെ ട്രയൽ റൂമിലെ ഒളിക്യാമറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി ഇരയായ അഡ്വ .ആരതി കാർജറ്റ് .ഇത് ആദ്യത്തെ സംഭവം ആകില്ലെന്ന് ആരതി ഉറപ്പിച്ച് പറയുന്നു .ഒരാൾ മാത്രം അറിഞ്ഞുകൊണ്ടും ഇത് നടക്കില്ല .പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 17 സ്ത്രീകളുടെ ദൃശ്യങ്ങൾ ആണ് കണ്ടെടുത്തത്.ശീമാട്ടിയെ വിശ്വസിച്ചാണ് അവിടെ വസ്ത്രം വാങ്ങാൻ പോയത് .ഇക്കാര്യം മാനേജ്‌മെന്റ് ശ്രദ്ധിക്കണമായിരുന്നുവെന്നും ആരതി കാർജറ്റ് NewsThen – നോട് പറഞ്ഞു .
“ശീമാട്ടിയിലെ സ്ഥിരം സന്ദർശകയാണ് ഞാൻ .ഞാനും മകനും കൂടിയാണ് ശീമാട്ടിയിൽ പോയത് .വസ്ത്രമെടുത്ത് ട്രയൽ റൂമിൽ കയറി വസ്ത്രം മാറ്റുമ്പോൾ അടുത്ത ട്രയൽ റൂമിൽ നിന്ന് മൊബൈൽ ഫോൺ കണ്ടു .റെക്കോർഡ് ചെയ്യുകയാണ് എന്ന് സംശയം തോന്നിയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ആ ട്രയൽ റൂമിൽ മുട്ടി .എന്നാൽ ആദ്യമൊന്നും വാതിൽ തുറന്നില്ല .പിന്നീട് ഒച്ച വച്ചപ്പോൾ ശീമാട്ടിയുടെ സെയിൽസ് മാൻ വാതിൽ തുറന്ന് ഇറങ്ങി വന്നു .ചോദ്യം ചെയ്തപ്പോൾ ആദ്യം അയാൾ നിഷേധിച്ചു .തനിക്ക് വസ്ത്രം എടുത്ത് തന്ന അതേ സെയിൽസ് മാൻ തന്നെ ആയിരുന്നു അത്.വളരെ നാളുകൾ ആയി അയാൾ അത് ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് .വസ്ത്രം മാറുന്ന ആളെ പൂർണമായി പകർത്തുന്ന തരത്തിൽ ആയിരുന്നു ഫോൺ വച്ചിരുന്നത് .
അയാളുടെ കയ്യിൽ നിന്ന് ഫോൺ നിർബന്ധപൂർവം ഞാൻ വാങ്ങി .ഫോൺ ലോക്ക് ആയിരുന്നു .പാസ്സ്‌വേർഡ് അയാൾ ആവർത്തിച്ച് തെറ്റിച്ചു പറഞ്ഞു .ഫോൺ തിരിച്ചു വാങ്ങാൻ അയാൾ ശ്രമിച്ചെങ്കിലും ഞാൻ നൽകിയില്ല .മാനേജരെ വിളിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു .എന്നാൽ മാനേജരെ റൂമിൽ ചെന്ന് കാണാൻ ആയിരുന്നു പറഞ്ഞത് .പിന്നീട് ആളുകൾ കൂടിയപ്പോൾ മാനേജർ ഇറങ്ങിവന്നു .ഇത് കേസ് ആക്കരുത് എന്നാണ് മാനേജർ പറഞ്ഞത് .എന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഞാൻ വ്യക്തമാക്കി .
അപ്പോഴേക്കും ഞാൻ വിളിച്ചത് പ്രകാരം ഭർത്താവെത്തി .അദ്ദേഹവും അഭിഭാഷകൻ ആണ് .ഭർത്താവ് പോലീസിനെ വിളിച്ചു .സ്‌ക്വാഡ് ആണ് വന്നത് .പരാതി ഉണ്ടോ എന്ന് പോലീസുകാർ ചോദിച്ചു .ഉണ്ടെന്ന് ഞാൻ പറഞ്ഞു .പോലീസ് സ്റ്റേഷനിൽ നേരിട്ട് വരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു .ഫോൺ പൊലീസിന് കൈമാറി.
ഫോൺ പരിശോധിച്ച പോലീസ് ആണ് പറഞ്ഞത് പതിനേഴോ പതിനെട്ടോ സ്ത്രീകളുടെ ട്രയൽ റൂം ദൃശ്യങ്ങൾ അതിനുള്ളിൽ ഉണ്ട് എന്ന് .എന്നെ വിഡിയോകൾ കാണിച്ചില്ല .എന്നാൽ എൻറെ ദൃശ്യങ്ങൾ ഇല്ല എന്നാണ് പോലീസ് പറഞ്ഞത് .ജാമ്യം കിട്ടുന്ന വകുപ്പാണ് സെയിൽസ്മാനെതിരെ ചുമത്തിയിട്ടുള്ളത് .ഫോൺ കൃത്യമായി പരിശോധിക്കണം .പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് നോക്കണം .വേറെ ആർക്കെങ്കിലും ദൃശ്യങ്ങൾ ഷെയർ ചെയ്തിട്ടുണ്ടോ എന്നും നോക്കണം .
ടെക്സ്റ്റൈൽ ഷോപ്പുകളിലെ ട്രയൽ റൂമുകൾ ഇപ്പോൾ എനിക്ക് ഭയമാണ് .സമാനമായ ഭയം എന്നെ ഇതറിഞ്ഞ് വിളിക്കുന്ന പലരും പങ്കുവെക്കുന്നു .ശീമാട്ടി എന്ന ബ്രാൻഡ് നെയിം വിശ്വസിച്ചാണ് അവിടെ പോയത് .അവിടുത്തെ ട്രയൽ റൂമുകളെ വിശ്വാസമായിരുന്നു .മാനേജ്‌മെൻറ് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമായിരുന്നു .എങ്ങനെയാണ് പുരുഷ സ്റ്റാഫ് സ്ത്രീകളുടെ ട്രയൽ റൂമിൽ കയറുന്നത് ?വിഷയം ജനങ്ങളിൽ എത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം എന്നാണ് എൻറെ അഭിപ്രായം .ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും തടസം ഉണ്ടോ എന്നറിയില്ല .
ഇത് സ്ഥിരമായി നടക്കുന്ന സംഭവം ആണെന്നാണ് തോന്നുന്നത് .ഒരു വ്യക്തി മാത്രമല്ല പലരും അറിഞ്ഞാണ് ഇതെന്നാണ് കരുതുന്നത് .ആരും കാണാതെ ഒരു പുരുഷന് സ്ത്രീകളുടെ ട്രയൽ റൂമിൽ കയറാനാവും എന്ന് ഞാൻ കരുതുന്നില്ല .ജനങ്ങൾ എല്ലാവരും ഇക്കാര്യം അറിയണമെന്ന് കരുതിയാണ് ഞാൻ കേസുമായി മുന്നോട്ട് പോകുന്നത് .ഞാൻ ഒരു അഭിഭാഷക ആയതുകൊണ്ടാണ് പോലീസും കോടതിയും കയറേണ്ടി വരും എന്നറിഞ്ഞിട്ടും പരാതിപ്പെട്ടത് .സാധാരണക്കാർ അങ്ങിനെയാകണമെന്നില്ല .ഈ സംഭവത്തിന് ശേഷം ശീമാട്ടിയിൽ നിന്ന് ആരും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചില്ല .”ആരതി കാർജറ്റ് പറഞ്ഞു .