കല്ലെറിഞ്ഞവരുടെ ശ്രദ്ധയ്ക്ക്, ഓമനക്കുട്ടന്റെ മകൾ ഡോക്ടറാകും

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചു എന്ന ആരോപണം നേരിട്ട സഖാവ് ഓമനക്കുട്ടന്റെ മകൾക്ക് സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം. ക്യാമ്പിൽ നിന്ന് ഓട്ടോറിക്ഷയ്ക്ക് 70 രൂപ പിരിച്ചു എന്നായിരുന്നു ഓമനക്കുട്ടന് നേർക്കുള്ള ആരോപണം. മാധ്യമങ്ങൾ ഓമനക്കുട്ടനെ വിചാരണ ചെയ്യുകയും ചെയ്തു.

ചേർത്തല തെക്ക് പഞ്ചായത്ത് ഭവനാലയത്തിൽ എൻ എസ് ഓമനക്കുട്ടന്റെ മകൾ സുകൃതിയ്ക്ക്‌ കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് പ്രവേശനം ലഭിച്ചു. ഓമനക്കുട്ടന്റെ മകളുടെ ഈ നേട്ടം സമൂഹമാധ്യമങ്ങളിൽ സിപിഎം പ്രവർത്തകർ ആഘോഷിക്കുകയാണ്.

കഴിഞ്ഞ പ്രളയ കാലത്ത് ആണ് ഓമനക്കുട്ടന് എതിരെ ആരോപണം ഉയർന്നത്. പട്ടികജാതി -പട്ടികവർഗ്ഗ കമ്മ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസക്യാമ്പിൽ ആയിരുന്നു സംഭവം. ക്യാമ്പിലെ ഭക്ഷണസാധനങ്ങൾ തീർന്നപ്പോൾ ഓമനക്കുട്ടൻ മുൻകൈയെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനം എത്തിക്കാൻ നടപടികൾ സ്വീകരിച്ചു. എന്നാൽ ഓട്ടോയ്ക്ക് കൂലി കൊടുക്കാൻ കയ്യിൽ പണമില്ലാതെ വന്നതോടെ ക്യാമ്പിൽ ഉള്ളവരിൽ നിന്നും പണം പിരിച്ച് ഓട്ടോ കൂലി നൽകിയ ദൃശ്യം ഒരാൾ പകർത്തി ഒരു മാധ്യമത്തിന് നൽകി. ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വാർത്ത വന്നതോടെ ഓമനക്കുട്ടന് എതിരെ പോലീസ് കേസും വന്നു.

സിപിഎം ആകട്ടെ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഓമനക്കുട്ടന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. എന്നാൽ ക്യാമ്പിലുള്ളവർ തന്നെ ഓമനക്കുട്ടനെ പിന്തുണച്ച് രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറി. മാധ്യമങ്ങൾ ഓമനക്കുട്ടന് അനുകൂലമായും വാർത്ത നൽകി. സത്യം വെളിപ്പെട്ടതോടെ പാർട്ടി സസ്പെൻഷൻ പിൻവലിച്ചു. സർക്കാർ ഓമനക്കുട്ടനോട് മാപ്പ് പറഞ്ഞു. കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഓമനക്കുട്ടന് അഭിമാനം ആകുകയാണ് മകൾ സുകൃതിയുടെ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *