കോവിഡ് രോഗിയ്ക്ക് ചികിത്സാ നിഷേധമെന്ന ആരോപണം വാസ്തവ വിരുദ്ധം:തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോ വിഡ് രോഗിയ്ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കിയില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വട്ടപ്പാറ സ്വദേശിനി ലക്ഷ്മി എന്ന രോഗിയ്ക്ക് കോവിഡുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകൾ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും അവർക്കുണ്ടായിരുന്നില്ല. മാത്രമല്ല, രോഗം ഭേദമായി തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് യുവതിയുടെ തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാധ്യമങ്ങളിൽ വന്നത്.
എഴുന്നേൽക്കാനാവാതെ ശരീരമാകെ മൂത്രം കൊണ്ട് നനഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവും അടിസ്ഥാനമില്ലാത്തതാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഇവർ കട്ടിലിൽ എഴുന്നേറ്റിരിക്കുകയും വാർഡിൽ നടക്കുകയും ചെയ്യുന്നതും പതിവാണ്. കോവിഡ് നെഗറ്റീവായതോടെ തിങ്കളാഴ്ച തന്നെ രോഗി വീട്ടിൽ പോകുകയും ചെയ്തു. ചികിത്സയിൽ കഴിഞ്ഞ ഒരു ദിവസം പോലും ഇവർക്ക് ഡോക്ടർമാരിൽ നിന്നോ നേഴ്സുമാരടക്കമുള്ള മറ്റു ജീവനക്കാരിൽ നിന്നോ യാതൊരു വിധ അവഗണനയും നേരിടേണ്ടി വന്നിട്ടില്ല വസ്തുത ഇതായിരിക്കെ ഏതു സാഹചര്യത്തിലാണ് രോഗി ഈ ആരോപണമുന്നയിച്ചതെന്ന് വ്യക്തമാകുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.