NEWS

യുപി ലൗജിഹാദ് നിയമത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്, അറസ്റ്റ് ബജ്‌രംഗ് ദളിന്റെ ഇടപെടലിനെതുടർന്ന്

ഉത്തർപ്രദേശിൽ മിശ്രവിവാഹം നടത്തിയ മുസ്ലിം യുവാവിനെ ബജ്റംഗ്ദൾ പ്രവർത്തകർ വളഞ്ഞുവെച്ച് പിടിച്ച് പോലീസിലേൽപ്പിച്ചു. ബജ്‌രംഗ്ദൾ ഇടപെടലിനെ തുടർന്ന് റാഷിദ് എന്നയാളെയും സഹോദരനെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൺടിലെ രജിസ്റ്റർ ഓഫീസിൽ വെച്ചാണ് ബജ്റംഗദൾ പ്രവർത്തകർ റാഷിദിനെ വളഞ്ഞു വെച്ച് പിടിച്ചത്.

അഞ്ചുമാസം മുമ്പാണ് റാഷിദ് ഇരുപത്തെട്ടുകാരിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ചത്. ഡെറാഡൂണിൽ റാഷിദ് ജോലിചെയ്യുമ്പോൾ പഠിക്കുകയായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു.

റാഷിദിനെയും പെൺകുട്ടിയെയും ബജ്റംഗദൾ പ്രവർത്തകർ വളയുന്നത് വീഡിയോയായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ പ്രായപൂർത്തിയായ പെൺകുട്ടി ആണെന്നും വിവാഹം പരസ്പരസമ്മതത്തോടെ കൂടിയാണെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. വിവാഹം ജില്ലാ മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നോ എന്ന് ബജ്‌രംഗ് ദൾ പ്രവർത്തകർ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. പുതിയ നിയമം വായിച്ചോ എന്നും നിങ്ങളെപ്പോലുള്ളവർക്ക് വേണ്ടി ആണ് പുതിയനിയമം എന്നും ബജ്‌രംഗ് ദൾ പ്രവർത്തകർ കോപാകുലരായി പറയുന്നു.

സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായ രണ്ട് പോലീസുകാർ ഇത് നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിപ്രകാരമാണ് റാഷിദിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്.

Back to top button
error: