തമിഴ്സിനിമ ലോക സിനിമയില്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. കേവലം പാണ്ടി പടങ്ങള്‍ എന്ന് ഒരു കാലത്ത് തമിഴ് സിനിമയെ വിശേഷിപ്പിച്ചിരുന്നവര്‍ തന്നെ തങ്ങളുടെ അഭിപ്രായം മാറ്റിപ്പറഞ്ഞിരിക്കുകയാണ്. ചിത്രങ്ങളുടെ കഥയിലും അവതരണത്തിലും എത്രത്തോളം പുതുമ കൊണ്ടു വരാം എന്നതാണ് തമിഴ്‌സിനിമാ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ചിന്ത. ഒരു വശത്ത് കലാമൂല്യമുള്ള വ്യത്യസ്ത അവതരണ രീതിയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോഴും മറുവശത്ത് തീര്‍ത്തും കച്ചവട താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മ്മിക്കപ്പെടുന്ന കൊമേഴ്ഷ്യല്‍ സിനിമകളും സംഭവിക്കുന്നുണ്ട്.
ഒരു മുഴുനീള സിനിമ എന്ന സങ്കല്‍പ്പത്തെ മാറ്റിക്കൊണ്ട് തമിഴില്‍ ചെറിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ആന്തോളജി മൂവികള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടുന്ന കാലഘട്ടം കൂടിയാണ് ഈ ലോക്ഡൗണ്‍ കാലം. തമിഴിലെ പ്രമുഖ സംവിധായകരാണ് ഇത്തരം കുട്ടി ചിത്രങ്ങള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പാവ കഥൈകള്‍ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി മൂവി.
നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവരാണ്. ഡിസംബര്‍ 18 ന് ചിത്രം റീലിസ് ചെയ്യുക. ചിത്രത്തിന്റേതായി പുറത്തിറക്കിയിരിക്കുന്ന ആദ്യ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയുടെ ശക്തമായ ആവിഷ്‌കാരമായിരിക്കും പാവ കഥൈകള്‍ സംസാരിക്കുക. അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രാന്‍, സായ് പല്ലവി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.