കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു… പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം: നിയമസഭയില്‍ ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍
പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരമാക്കുന്ന ബില്‍ കര്‍ണാടക സര്‍ക്കാര്‍ വരാനിരിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പശു കശാപ്പ്, വില്‍പ്പന, ഗോമാംസം എന്നിവ നിരോധിക്കുന്ന നിയമം അവതരിപ്പിക്കുമെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ സമാനമായ നിയമങ്ങള്‍ പഠിക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ വിദഗ്ധരുമായി വകുപ്പ് ആലോചിക്കുന്നുണ്ടെന്നും ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമാനമായ നിയമങ്ങള്‍ നടപ്പാക്കിയ മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഞങ്ങളുടെ നിയമം കഠിനമാകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ മംഗളൂരുവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് യെദ്യൂരപ്പ ഉറപ്പ് നല്‍കിയിരുന്നു.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനൊപ്പം പശു മാംസം വില്‍ക്കുന്നതും പശുക്കളെ അറുക്കുന്നതും പൂര്‍ണ്ണമായും നിരോധനം ബാധകമാകും. 2010ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കര്‍ണാടകയില്‍ കശാപ്പ് തടയലും കന്നുകാലി സംരക്ഷണ ബില്ലും അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല, 2013 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.