ബാർ കോഴയും സോളാറും അടക്കമുള്ള കേസുകളിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു ,കേസുകളിൽ നിന്ന് ജോസ് കെ മാണിയെ ഒഴിവാക്കുന്നത് അസാധ്യം ,മുഖ്യമന്ത്രിക്കെതിരായ ബിജു രമേശിന്റെ നിലപാടും നിർണായകം
https://youtu.be/-Yu1c9WV83Q
സോളാർ -ബാർ കേസുകളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരായുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു .രണ്ട് കേസുകളിലും ജോസ് കെ മാണിയുടെ സാന്നിധ്യം ആണ് സർക്കാരിന്റെ പിന്മാറ്റത്തിന് ഒരു കാരണം .ഒപ്പം മുഖ്യമന്ത്രിയെ കുറിച്ച് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളും സർക്കാരിന്റെ പിന്മാറ്റത്തിന് കാരണമാകുകയാണ് .
കെ എം മാണിക്കെതിരായ ബാർ കോഴ അന്വേഷണം പിൻവലിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു എന്ന ഗുരുതരമായ ആരോപണം ആണ് ബിജു രമേശ് ഉന്നയിച്ചത് .കെ എം മാണിയെയും കേരള കോൺഗ്രസ് എമ്മിനെയും എൽഡിഎഫിനോട് ചേർത്ത് നിർത്താൻ സർക്കാർ നീക്കങ്ങൾ നടത്തി എന്ന് വ്യക്തമാക്കുന്നതാണ് സംഭവ പരമ്പര എന്നാണ് വിശകലനം ചെയ്താൽ വ്യക്തമാക്കുക .ഈ പശ്ചാത്തലത്തിൽ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിനെതിരെ നീങ്ങിയാൽ ജോസ് കെ മാണി മാത്രമല്ല മുഖ്യമന്ത്രിയും വിവാദങ്ങളുടെ ഭാഗമാകും .നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ആരോപണം ഒഴിവാക്കുന്നതാണ് നല്ലതെന്ന ചിന്തയിലേക്കാണ് സർക്കാരും സിപിഎമ്മും എൽഡിഎഫും എത്തുന്നത് .
യുഡിഎഫ് സർക്കാരിന് പ്രതികൂലമായ സോളാർ – ബാർ കേസുകളിൽ ജോസ് കെ മാണിയ്ക്കെതിരെ ആരോപണം നിലവിൽ ഉണ്ട് .കെ എം മാണിയ്ക്കെതിരെ ആരോപണം ഉയർത്തിയപ്പോൾ പിൻവലിയാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു .ആ ആരോപണത്തിൽ ബിജു രമേശ് ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് .
സോളാർ കേസിലെ പരാതിക്കാരി തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ കത്തിൽ ജോസ് കെ മാണിയുടെ പേരും ഉണ്ടായിരുന്നു .2015 ൽ ജോസ് കെ മാണിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ ആവശ്യപ്പെട്ടിരുന്നു .
ബാർ കോഴ എന്തൊക്കെ പറഞ്ഞാലും കെ എം മാണിയുടെ ഓർമകളാണ് കൊണ്ട് വരിക എന്നതാണ് പൊതുവെയുള്ള ചിന്ത .കേസിൽ പ്രതിപക്ഷത്തെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ പൊതുവികാരം എതിരാവും എന്ന വിലയിരുത്തലുമുണ്ട് .
പോലീസ് ഭേദഗതി നിയമം 118 എ കൊണ്ടുണ്ടായ പുലിവാലിന്റെ ക്ഷീണം സർക്കാരിന് ഇനിയും മാറിയിട്ടില്ല .രമേശ് ചെന്നിത്തലക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണർക്ക് നൽകിയ അപേക്ഷ പിൻവലിക്കാൻ തീരുമാനം എടുത്തിട്ടില്ലെങ്കിലും കരുതലോടെ നീങ്ങിയില്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥയുണ്ടാക്കും എന്നതാണ് പൊതുവെ സർക്കാരിലും ഇടതുമുന്നണിയിലും ഉള്ള ചിന്ത .